വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും
അഡ്മിൻ
യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. വിജയ്ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹരജി സമർപ്പിക്കുന്നത്.
അതേസമയം കേസിൽ നടൻ വിജയ് ബാബുവുനെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാക്കും. കേസിൽ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ജൂലൈ 3 വരെയാണ് വിജയ് ബാബുവിനോട് അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.
കേസിന് പിന്നാലെ ദുബൈയിലേക്ക് കടന്ന വിജയ് ബാബുവിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിയേയോ കുടുബത്തെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, സോഷ്യൽ മീഡിയ വഴി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരണമുണ്ടാകരുത്, പൊലീസിന്റെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.