യശ്വന്ത് സിൻഹയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഇടതുപക്ഷത്തു നിന്ന് ആരും എത്തിയില്ല എന്ന ആരോപണം വ്യാജം
അഡ്മിൻ
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഇടതുപക്ഷത്തു നിന്ന് ആരും എത്തിയില്ല എന്ന ആരോപണമുന്നയിച്ചുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരാന്റെ ഫേസ്ബുക്ക് പോസ്റ്റ് അത്ഭുതവും ആശ്ചര്യവും ജനിപ്പിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്.
പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരിൽ ഒരാൾ മന്ത്രി പി. രാജീവാണ്. അദ്ദേഹം സൂചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും ഇടപെട്ടിരുന്നതായും യശ്വന്ത് സിൻഹയെയും ടീമിനെയും സഹായിക്കുവാൻ തന്റെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
യശ്വന്ത് സിൻഹ താമസിക്കുന്നിടത്ത് പോയി പി രാജീവ് അദ്ദേഹത്തെ നേരിൽ കാണുകയും ഉണ്ടായി. രാഷ്ട്രീയ നിലപാടുകൾ ക്യാമറക്കണ്ണുകൾക്ക് മുന്നിലെ പ്രദർശന വസ്തുക്കൾ മാത്രമല്ല, മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങൾ കൂടിയാണെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ കുറവാകാം മോദിക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസുകാർ തയ്യാറാകാത്തത്. കെ സുധാകരനെ പോലെ ഉത്തരവാദിത്ത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കണമായിരുന്നെന്നും ഞങ്ങളെ അടിക്കാൻ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നു എന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.