എ.കെ.ജി സെന്റര്‍ ആക്രമണം: പിന്നില്‍ കൃത്യമായ ധാരണയുള്ള ആളെന്ന് പൊലീസ്
അഡ്മിൻ
എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളെന്ന് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് സംഭവത്തില്‍ ചുമത്തിയിരിക്കുന്നത്. പരമാവധി പത്ത് വര്‍ഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അക്രമത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു ഏതാണ് എന്നതിനുള്ള ഉത്തരം ഇന്ന് വൈകിട്ട് ലഭിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാകും. അതനുസരിച്ചിരിക്കും അടുത്ത നടപടികളിലേക്ക് പൊലീസ് കടക്കും. അക്രമം ബോംബെറിഞ്ഞാണ് എന്നുള്ള ആരോപണങ്ങള്‍ ആദ്യം ഉയര്‍ന്നിരുന്നു. അതേസമയം അത് ബോംബാണെന്ന് പൊലീസോ ഫോറന്‍സിക് വിഭാഗമോ സ്ഥിരീകരിച്ചിട്ടില്ല.
സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. എകെജി സെന്ററിന്റെ വശത്തുകൂടി താഴേയ്ക്ക്, കുന്നുകുഴി ജങ്ഷനിലേക്ക് ചെറിയ റോഡുണ്ട്.
ഈ റോഡിന്റെ തുടക്കത്തില്‍ വലതുവശത്തായാണ് സ്ഫോടകവസ്തു എറിഞ്ഞത്. എകെജി സെന്ററിലെ വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഈ ഗേറ്റ് വഴിയാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ആദ്യം പുറത്തു വന്നത്.