പീഡന പരാതിയിൽ പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു

ജനപക്ഷം നേതാവ് പി സി ജോർജ് അറസ്റ്റിൽ. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സോളാർ കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്.

ഈ വർഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.

ഐപിസി 354 എ പ്രകാരം ലൈംഗിക സ്വഭാവമുള്ള സ്പർശനമോ പ്രവർത്തിയോ ചെയ്യൽ, ഐപിസി 354 പ്രകാരം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന ബലപ്രയോഗം എന്നിവയാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അതേസമയം താൻ ഒരു വൃത്തികേടും ചെയ്തിട്ടില്ലെന്നും സത്യം തെളിയിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ജാമ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും പി സി ജോർജ് വ്യക്തമാക്കി.

02-Jul-2022