അറസ്റ്റിന് പിന്നാലെ കൈരളി ടിവി മാധ്യമപ്രവര്‍ത്തകയുമായി പിസി ജോർജിന്റെ വാക്കേറ്റം
അഡ്മിൻ
പീഡന പരാതിയിൽ പിസി ജോർജ് അറസ്റ്റിലായതിന് പിന്നാലെ നാടകീയ രംഗങ്ങൾ. പിസി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് കൈരളി ടിവിയിലെ മാധ്യമപ്രവർത്തക എസ് ഷീജ ചോദ്യം ചെയ്തതോടെ പിസി ക്ഷുഭിതനായി. പീഢനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് തന്റെ പേര് പറയട്ടെ എന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു ജോര്‍ജ്. വിരല്‍ ചൂണ്ടി, മര്യാദയ്ക്ക് സംസാരിക്കണം എന്നാണ് ഷീജ മറുപടിനല്‍കിയത്.
മാധ്യമപ്രവർത്തകയെ അപമാനിച്ച ജോര്‍ജിന്റെ നടപടിയെ അപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍. ഇതിനിടെ ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവർത്തകയ്ക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും പിസി ജോര്‍ജ്ജും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് പിസി ജോര്‍ജ്ജിനെ എആര്‍ ക്യാമ്പിലേക്ക് പോലീസ് കൊണ്ടുപോയത്. സോളര്‍ കേസ് പ്രതിയുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകള്‍ ചേര്‍ത്താണ് ജോര്‍ജിനെതിരെ കേസെടുത്തത്.
സര്‍ക്കാരിനെതിരായ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് ഇന്ന് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ തിരുവനന്തപുരം മ്യൂസിയം പോലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് അറസ്റ്റ് റേഖപ്പെടുത്തിയത്.