മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജിന്റെ ഭാര്യ ഉഷ

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജിന്റെ ഭാര്യ ഉഷ. പീഡനക്കേസില്‍ പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഉഷയുടെ പ്രതികരണം. ശാപവാക്കുകളും ഉഷ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു. വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നുമാണ് ഉഷ മാധ്യമങ്ങളോട് പറഞ്ഞത്.

'ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോര്‍ജിന്) എത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.'- ഉഷ പറഞ്ഞു.

അതേസമയം, സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്താണ് പോലീസ് നടപടി. മ്യൂസിയം പോലീസാണ് പിസി ജോർജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്. പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്യാനായി മ്യൂസിയം പോലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി പത്തിന് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പിസി ജോർജ് അശ്ലീല സന്ദേശം അയച്ചുവെന്നും പരാതിയിൽ പറയുന്നു. സ്വപ്ന സുരേഷിനും പിസി ജോർജിനും എതിരായ ഗൂഢാലോചനാ കേസിൽ സാക്ഷിയാണ് പരാതിക്കാരി. ഈ കേസിൽ സാക്ഷി മൊഴി രേഖപ്പെടുത്തുന്ന സമയത്ത് പീഡന വിവരത്തെ കുറിച്ച് പരാതിക്കാരി സൂചന നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ 164 രേഖപ്പെടുത്തുകയായിരുന്നു.

02-Jul-2022