പിസി ജോർജിന്റെ ജാമ്യത്തിനെതിരെ പരാതിക്കാരി ഹൈക്കോടതിയിലേക്ക്

പീഡനക്കേസിൽ പ്രതിയായ പി സി ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ നാളെത്തന്നെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു.

പി സി ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് പരാതിക്കാരി മുന്നോട്ടുവയ്ക്കുന്നത്. തന്നോട് മോശമായി പെരുമാറിയില്ലേ എന്ന് പി സി ജോര്‍ജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പി സി ജോര്‍ജ് പരസ്യസംവാദത്തിന് തയാറാകണമെന്നും പരാതിക്കാരി വെല്ലുവിളിച്ചു.

ആവശ്യമായ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്ന് സോളാര്‍ കേസ് പ്രതിയായിരുന്ന പരാതിക്കാരി പറഞ്ഞു. ചികിത്സയിലായിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പരാതിക്കാരി പറഞ്ഞു. പി സി ജോര്‍ജ് സംരക്ഷണം നല്‍കുമെന്ന് കരുതിയിരുന്ന സമയത്താണ് അദ്ദേഹം മെന്ററാണെന്ന് പറഞ്ഞത്. പറഞ്ഞതിലൊന്നും മാറ്റമില്ല.

അതിനു ശേഷം പി സി ജോര്‍ജില്‍ നിന്നും ദുരനുഭവമുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. തന്റെ പരാതിയ്ക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

03-Jul-2022