ആർഎസ്‌എസിന്റെ കൈയിലെ ആയുധമായി കേരളത്തിലെ കോൺഗ്രസ് മാറി: എളമരം കരീം എംപി
അഡ്മിൻ
മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യണമെന്ന പ്രസ്‌താവനയിലൂടെ രാഹുൽ ഗാന്ധി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലവാരത്തിലേക്ക് തരംതാണതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരിം എംപി. രാജ്യത്തെ മതേതര പാർടികളെ യോജിപ്പിച്ചുനിർത്താൻ മുൻകൈയെടുക്കേണ്ട കോൺഗ്രസിന്റെ നേതാവിന് യോജിച്ച പ്രതികരണമല്ല രാഹുലിന്റേത്. കള്ളക്കടത്ത് കേസിലെ പ്രതി വായിൽ തോന്നിയത് കോതയ്‌ക്ക് പാട്ട് എന്നപോലെ പറയുന്നതുകേട്ട് കേരള മുഖ്യമന്ത്രി ഇഡി അന്വേഷണം നേരിടണമെന്ന് രാഹുൽ ഗാന്ധിയെ പോലുള്ള ഒരു നേതാവ് പറയുന്നത് നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു .
മതനിരപേക്ഷ നിലപാട് സ്വീകരിച്ച് സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തെ അവഹേളിക്കുകയാണ് ഇതിലൂടെ. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്‌എഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തിയപ്പോൾ അതിലെ പിഴവുകൾ സിപിഐ എമ്മും എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വവും പരസ്യമായി ചൂണ്ടിക്കാണിച്ചു. എന്നാൽ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവർക്ക് സ്വീകരണമൊരുക്കുകയാണ് കോൺഗ്രസ്. രാഷ്‌ട്രീയ തർക്കങ്ങൾ പാർടി ഓഫീസുകൾ ആക്രമിക്കുന്നതിലേക്ക് പോകുന്നത് ശരിയല്ലെന്നും എളമരം കരിം പറഞ്ഞു. . ആർഎസ്‌എസിന്റെ കൈയിലെ ആയുധമായി കേരളത്തിലെ കോൺഗ്രസ് മാറി. രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോഴും മതസൗഹാർദം ഉയർത്തിപ്പിടിക്കുന്ന തുരുത്തായി കേരളം നിൽക്കുന്നു. മതനിരപേക്ഷ ശക്തികൾ യോജിച്ച പോരാട്ടം ഉയർത്തിക്കൊണ്ടുവരേണ്ട കാലത്ത് ഇടതുപക്ഷത്തെ ദുർബലമാക്കാൻ ബിജെപിയെ കോൺഗ്രസ് സഹായിക്കുകയാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗും ഇവർക്കൊപ്പമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.