കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സാമൂഹികവും സാമ്പത്തികവുമായ അസമത്വം വർധിപ്പിക്കും: ബൃന്ദാ കാരാട്ട്

കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സാമൂഹികവും സാമ്പത്തികവുമായ അസമത്വം വർധിപ്പിക്കുമെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. ഇന്ത്യയിലെ ഓരോ വിദ്യാർത്ഥിയേയും നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. വിലകൊടുത്തു വാങ്ങേണ്ട വിൽപനച്ചരക്കാകുന്നതോടെ മഹാഭൂരിപക്ഷത്തിനും ഔപചാരിക വിദ്യാഭ്യാസം അന്യമാകും.

ഉന്നതവിദ്യാഭ്യാസത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും സ്കോളർഷിപ്പുകൾ ഇല്ലാതാക്കുകയുമാണ് കേന്ദ്രം സർക്കാർ ചെയ്യുന്നത്. സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കി അധികാരം മുഴുവൻ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ മേഖലയാകെ പൂർണമായും സ്വകാര്യവൽകരിക്കുകയും വാണിജ്യവൽക്കരിക്കുകയുമാണ് ലക്ഷ്യം. ഇതോടെ ഫീസ് കുത്തനെ ഉയരുമെന്നും ബൃന്ദ പറഞ്ഞു.

സാധാരണക്കാരുടെ മക്കൾക്ക് ഉന്നത പഠനം അപ്രാപ്യമാകും. ഇന്ത്യൻ ജനത ഇന്നനുഭവിക്കുന്ന അവകാശങ്ങൾക്കുമേൽ വർഗീയ, രാഷ്ട്രീയ അജൻഡകൾ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ബുൾഡോസിങ് വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കുകയാണ്. ജനാധിപത്യവും സോഷ്യലിസവും മതനിരപേക്ഷതയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പാഠപുസ്തകങ്ങളിൽ നിന്ന് യഥാർഥചരിത്രം ഒഴിവാക്കുന്നത്. മതം മനുഷ്യന്റെ അവകാശം തീരുമാനിക്കുന്ന സ്ഥിതിയാണിപ്പോൾ.

ഹിജാബ് ധരിച്ചതിന്റെ പേരിലാണ് കർണാടകത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത്. ഇടതുപക്ഷത്തിന്റെ മുൻകൈയിൽ രൂപപ്പെട്ട ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനമുള്ളത് കേരളത്തിന്റെ നേട്ടമാണ്. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവൽക്കരണത്തിന്റെ പ്രഥമലക്ഷ്യം വിദ്യാർഥികളുടെ ജനാധിപത്യാവകാശങ്ങൾ ഇല്ലാതാക്കലാണ്. വിദ്യാർത്ഥി യൂണിയനുകളെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലുമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

06-Jul-2022