ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. കാവല്‍ പ്രധാനമന്ത്രിയായി തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം നേരത്തെ രാജിവെച്ചിരുന്നു. പുതിയ മന്ത്രിസഭയെ നിയമിച്ചതായും, പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു, അതുവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെച്ചതോടെയായിരുന്നു ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏകദേശം അമ്പതോളം പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെച്ചത്. ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു രാജി. ഇതേതുടര്‍ന്ന് വലിയ പ്രതിന്ധിയിലായിരുന്നു ബോറിസ് മന്ത്രിസഭ എത്തിയത്. ലൈംഗിക പീഡനപരാതികളില്‍ ആരോപണ വിധേയനായ ക്രിസ്ഫിഞ്ചറിന് അനുകൂലമായി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച നിലപാട് വിയോജിപ്പിന് കാരണമായിരുന്നു. സര്‍ക്കാരിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുതിർന്ന മന്ത്രിമാരുടെ രാജിക്ക് പിന്നാലെ മുതിര്‍ന്ന കാബിനറ്റ് മന്ത്രി മൈക്കല്‍ ഗോവിനെ ബോറിസ് ജോണ്‍സണ്‍ പുറത്താക്കുകയും ചെയ്തിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തത്. പാര്‍ട്ടി ഗേറ്റ് വിവാദമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പാര്‍ട്ടി നടത്തിയെന്ന വിഷയത്തിലും ബോറിസ് ജോണ്‍സണ്‍ കള്ളം പറഞ്ഞു എന്നും എംപിമാര്‍ ആരോപിച്ചിരുന്നു.

07-Jul-2022