ട്രാൻസ്മാൻ ആദം ഹാരിക്ക് സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വ്യോമയാന മന്ത്രി ജ്യോദിരാദിത്യ സിന്ധ്യക്ക് എ.എ. റഹീം എം.പി കത്തയച്ചു. കേരളത്തിൽ നിന്നുള്ള ട്രാൻസ്മാനായ ആദമിന് നേരത്തെ ദക്ഷിണാഫ്രിക്കയിൽ നിന്ന് പൈലറ്റ് പ്രൈവറ്റ് ലൈസൻസ് ലഭിച്ചിരുന്നു. കൊമേഴ്ഷ്യൽ പൈലറ്റാകാനുള്ള പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ചേരാൻ കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് അദ്ദേഹത്തിന് സ്‌കോളർഷിപ്പും നൽകിയിരുന്നു.
എന്നാലിപ്പോൾ ആദം ഹാരിക്ക് വ്യോമയാന ഡയറക്ടറേറ്റ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ- ഡി.ജി.സി.എ) സ്റ്റുഡന്റ് പൈലറ്റാവാനുള്ള ലൈസൻസ് നിഷേധിച്ചിരിക്കുകയാണ്. മെഡിക്കൽ കാരണങ്ങൾ മുൻനിർത്തിയാണ് ആദമിന് ലൈസൻസ് നിഷേധിച്ചിരിക്കുന്നത് എന്നാണ് ഡി.ജി.സി.എയുടെ വാദം. ഈ വിഷയത്തിലാണ് എ.എ. റഹീം കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
പ്രസ്തുത വിഷയത്തിൽ വ്യോമയാന മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ആദം ഹാരിക്ക് ഉടൻ തന്നെ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് നൽകണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു. ഇത്തരം അവകാശ നിഷേധങ്ങൾ നടക്കാതിരിക്കാൻ വ്യോമയാന മന്ത്രാലയവും ഡയറക്റ്ററേറ്റും കാലോചിതമായ നയമാറ്റങ്ങൾ വരുത്തണമെന്നും എം.പി കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കത്ത് നൽകിയ വിവരം തന്റെ ട്വിറ്റർ പേജിലൂടെയും എ.എ. റഹീം പുറത്തുവിട്ടിട്ടുണ്ട്.
'ആദം ഹാരിക്കെതിരായ ഡി.ജി.സി.എയുടെ ട്രാൻസ്ഫോബിക് ട്രീറ്റ്മെന്റിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് നൽകി. മന്ത്രി ഇതിൽ ഒരു തിരുത്ത് വരുത്തുമെന്നും ട്രാൻസ് വ്യക്തികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഡി.ജി.സി.എയുടെ പോളിസികളിൽ മാറ്റം വരുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്,'' എ.എ. റഹിം ട്വീറ്റ് ചെയ്തു.