എകെജി സെന്റർ ആക്രമണം; സിസിടിവി ദ്യശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന് കൈമാറി

തിരുവനന്തപുരത്തെ സിപിഎം ആസ്ഥാന മന്ദിരമായ എ കെ ജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ പ്രതിയുടെ വാഹന നമ്പര്‍ കണ്ടെത്താന്‍ ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി എകെജി സെന്റര്‍ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന് കൈമാറി.

പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയിരിക്കുന്നത്. സിസിടിവിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇതിനോടകം പ്രദേശത്തെ അമ്പതിലേറെ സിസിടിവികള്‍ പരിശോധിച്ചു. മൂന്നു ടവറുകളിലായി ആയിത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധിപ്പേരെ ചോദ്യം ചെയ്തു.

അക്രമിയെത്തിയ ഡീഗോ സ്‌കൂട്ടിറിലായതിനാല്‍ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടന്നു. എന്നാല്‍ അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. എകെജി സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പോലും വാഹന നമ്പര്‍ വ്യക്തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്. ഏതെങ്കിലും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ ദൃശ്യങ്ങള്‍ വലുതാക്കി നോക്കി വാഹന നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാന്‍ കഴിയുമോ എന്ന ശ്രമവും സൈബര്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

അന്വേഷണത്തിന് എത്ര സമയമെടുത്താലും പിടിക്കുന്നത് യഥാര്‍ഥ പ്രതിയെത്തന്നെയായിരിക്കണം എന്നാണ് സര്‍ക്കാര്‍ ഡിജിപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രണ്ട് ഡി വൈ എസ് പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

09-Jul-2022