ശ്രീലങ്കയിൽ പ്രക്ഷോഭകർ പ്രസിഡൻറിൻറെ വസതി കയ്യേറി

ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം ശക്തം . ആയിരക്കണക്കിന് പ്രഷോഭകർ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. കലാപം ശക്തമായതോടെ രജപക്സെ രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ.രാജ്യത്ത് അതീവ ഗുതുതര സ്ഥിതി നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ച് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശ്രീലങ്കയിൽ കലാപം പൊട്ടിപുറപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസുകളിലും, ട്രെയിനുകളിലും ട്രക്കുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ കൊളംബോയിൽ എത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് സൈന്യത്തിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ചയും പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. മാസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ യാതൊന്നും ചെയ്തില്ലെന്നാണ് ആരോപണം. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിട്ടും ഗോത്തബയ പ്രസിഡന്റായി തുടരുകയായിരുന്നു.

09-Jul-2022