സവർക്കറുടെ മതരാഷ്‌ട്രസങ്കൽപമാണ്‌ ആർഎസ്‌എസ്‌ രാഷ്‌ട്രീയം: എം സ്വരാജ്

കേന്ദ്രസർക്കാർ രാജ്യത്തെ മാധ്യമങ്ങളെ മുഴുവനായും വിലക്കെടുക്കുകയാണെന്നും കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ പങ്കെടുത്ത മാധ്യമങ്ങളുടെ യോഗവും അതിൻെറ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌. ഏറ്റുമുട്ടലിനില്ലെന്ന്‌ പ്രഖ്യാപിച്ച്‌ രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും സംഘ്‌പരിവാറിന്‌ കീഴടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പുരോഗമനകലാസാഹിത്യസംഘം ജില്ലകമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക പാഠശാല ഉദ്‌ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു.

സജിചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ നെഞ്ചിൽ കുന്തം കുത്തിയിറക്കി വികൃതമായി ചിത്രീകരിക്കുകയാണ്‌ മാതൃഭൂമി ചെയ്‌തത്‌. അഴിമതി, സ്‌ത്രീപീഡന കേസുകളിൽ മുൻപ്‌ മന്ത്രിമാർ രാജിവെച്ചപ്പോഴൊന്നും കുന്തം കണ്ടില്ല. കുറ്റകൃത്യത്തിന്റെ തലത്തിലുള്ള വ്യക്തിഹത്യയാണിത്‌.
ആർഎസ്‌എസ്‌ മേധാവി മോഹൻഭാഗവതിനെ കൊണ്ട്‌ എഡിറ്റ്‌ പേജിൽ ഗാന്ധി അനുസ്‌മരണം നടത്താൻ ധൈര്യംകാട്ടിയ പത്രമാണത്‌.

മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾക്ക്‌ എതിരായ നിലപാടാണ്‌ ആർഎസ്‌എസ്‌ സ്വീകരിക്കുന്നത്‌. സവർക്കറുടെ മതരാഷ്‌ട്രസങ്കൽപമാണ്‌ ആർഎസ്‌എസ്‌ രാഷ്‌ട്രീയം. ഏറ്റവും വലിയ ദേശവിരുദ്ധർ രാജ്യം ഭരിക്കുന്നവരാണ്‌. അവർ രാജ്യത്തെ വിൽകുകയും വൈവിധ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണ്‌. വിപണിയിലെ വാണിജ്യവസ്‌തുവായി രാഷ്‌ട്രം മാറുന്നതിന്‌ നാട്‌ സാക്ഷ്യംവഹിക്കുകയാണെന്നും എം സ്വരാജ്‌ കൂട്ടിച്ചേർത്തു.

09-Jul-2022