ശ്രീലങ്കയിൽ 30 ദിവസത്തിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കും
അഡ്മിൻ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയിൽ സ്പീക്കർ മഹിന്ദ അബേയ് വർധേന ഇടക്കാല പ്രസിഡന്റാകും. പാർലമെന്റ് സമ്മേളനം വെള്ളിയാഴ്ച്ച ചേർന്നേക്കുമെന്നാണ് സൂചന. സർവകക്ഷി സർക്കാരിൽ എല്ലാ പാർട്ടികൾക്കും പങ്കാളിത്തമുണ്ടാകും. 30 ദിവസത്തിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കും.
പുതിയ പ്രസിഡന്റിനെയും ഒരു മാസത്തിന് ശേഷം തീരുമാനിക്കും. രൂക്ഷമായ പ്രതിഷേധം തുടരുന്ന ലങ്കയിൽ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാൻ സംയുക്ത സൈനിക മേധാവി അഭ്യർത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിർത്താൻ സഹകരിക്കണമെന്ന് ജനറൽ ഷാവേന്ദ്ര സിൽവ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമ സിംഗെ ഇന്നലെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജിവെക്കുമെന്ന് സ്പീക്കർ അറിയിച്ചു. ബുധനാഴ്ച രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർവകക്ഷി യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് സൂചന. അതേസമയം പ്രസിഡന്റെ രാജി വെക്കുമെന്ന് അറിഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ വസതി കയ്യേറിയ പ്രതിഷേധക്കാർ പിന്മാറാതെ സമരം തുടരുകയാണ്.
ഗോതബയ രജപക്‌സെ രാജിവെക്കാതെ പിന്മാറില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സർവ്വ കക്ഷി സർക്കാരിന് വഴിയൊരുക്കാനാണ് രാജി സമർപ്പിക്കുന്നതെന്ന് റനിൽ വിക്രമ സിംഗേ അറിയിച്ചിരുന്നു. സർവ്വ കക്ഷിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്കുക, പകരം നാഷണൽ അസംബ്ളിയുടെ സ്പീക്കറെ പുതിയ സർക്കാരിലെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു സർവ്വ കക്ഷിയോഗത്തിലുണ്ടായ തീരുമാനം.