ഗോവ കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു

ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലാണ്. സംസ്ഥാന നിയമസഭയില്‍ 11 എംഎല്‍എമാരാണ് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍, അംഗങ്ങളില്‍ ചിലര്‍ ഭരണകക്ഷിയായ ബിജെപിയുമായി ചേര്‍ന്ന് വിമത നീക്കം നടത്തുന്നതായുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കോണ്‍ഗ്രസ് നേതൃത്വം വിമത നീക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ഗോവ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

പാര്‍ട്ടി മാറാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 40 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായി മുന്‍ ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചു. വ്യവസായികളും കല്‍ക്കരി മാഫിയകളും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപി ആരോപണങ്ങളെ തള്ളി രംഗത്തെത്തി. എംഎല്‍എമാരെ സമീപിച്ച് പണം വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് തനവാഡെ പറയുന്നു.

മൂന്ന് എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ ചേരാന്‍ 40 കോടി രൂപ വാഗ്ദാനം ചെയ്തതായി ഗിരീഷ് ചോദങ്കര്‍ ആരോപിച്ചു. എംഎല്‍എമാരെ കൂറുമാറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ വ്യവസായികളും കല്‍ക്കരി മാഫിയയും പങ്കാളികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗോവ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും വിമത വാര്‍ത്തയുടെ പേരില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന കെജ്രിവാളിന്റെ അവകാശവാദം ശരിയാണെന്ന് എഎപിയുടെ അതിഷി പറഞ്ഞു. കൂറുമാറ്റത്തിനെതിരായ ജനരോക്ഷത്തില്‍ വോട്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ടിഎംസിയുടെ ഡെറക് ഒബ്രിയന്‍ പറഞ്ഞു.

11-Jul-2022