വൃക്ക മാറ്റിവെക്കാൻ ധനസഹായം തേടി യുവാവ്; കൈയിലെ സ്വർണ വള ഊരി നൽകി മന്ത്രി ആർ. ബിന്ദു

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടിയെത്തിയ ചെറുപ്പക്കാരന് കൈയിലെ സ്വർണവള ഊരി നൽകി സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സാ സഹായ സമിതിയുടെ ധനസമാഹരണ യോഗത്തിൽ പങ്കെടുക്കാൻ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ എത്തിയതായിരുന്നു മന്ത്രി.

വൃക്കകൾ തകരാറിലായതോടെ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ അല്ലാതെ മറ്റുമാർഗങ്ങളില്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ കേട്ടതിന് പിന്നാലെയാണ് മന്ത്രി കൈയിൽ കിടന്ന വളയൂരി ഭാരവാഹികൾക്ക് നൽകിയത്. സഹായ ഭാരവാഹികളായ പികെ മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവർ വള ഏറ്റുവാങ്ങി. വിവേകിന്റെ ആരോഗ്യസ്ഥിതി വേഗം ശരിയാകുമെന്ന് സഹോദരൻ വിഷ്ണുവിനോട് ആശംസിച്ചാണ് മന്ത്രി മടങ്ങിയത്. കൊമ്പുകുഴൽ കലാകാരനാണ് 27 കാരനായ വിവേക്.

11-Jul-2022