ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആംആദ്മിയില്‍ ചേര്‍ന്നു

ഉത്തരാഖണ്ഡില്‍ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് നേതാക്കള്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വക്താവ് രാജേന്ദ്ര പ്രസാദ് രൗത്രി, പ്രദേശ് മഹിളാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ കംലേഷ് രാമന്‍, സോഷ്യല്‍ മീഡിയ അഡൈ്വസര്‍ കുല്‍ദീപ് ചൗധരി എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്.

ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആംആദ്മി പാര്‍ട്ടി ഉത്തരാഖണ്ഡ് കണ്‍വീനര്‍ ജോട്ട് സിങ് ബിഷ്ട് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന ഈ നേതാക്കളുടെ വരവ് സംസ്ഥാനത്തെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് മനീഷ് സിസോദിയ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് വര്‍ധിച്ചു വരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് തങ്ങളുടെ രാജിയെന്ന് നേതാക്കള്‍ പറഞ്ഞു. നേതാക്കളുടെ രാജിയെ തുടര്‍ന്ന് മുന്‍ പ്രതിപക്ഷ നേതാവ് പ്രീതം സിങ്, ഭുവന്‍ ചന്ദ്ര കാപ്രി എംഎല്‍എ, മുന്‍ മന്ത്രി ഹരക് സിങ് റാവത്ത് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് യോഗത്തില്‍ പങ്കെടുത്തില്ല.

12-Jul-2022