എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റില്‍

ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ HRDS സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. പട്ടിക ജാതി-പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരം പാലക്കാട് ഷോളയാർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവിനെയും അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11 മണിയ്ക്ക് ഇരുവരെയും മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടിക്കവർഗ വിഭാഗത്തിൽ പെട്ട രാമൻ എന്ന ആളുടെ ഭൂമി കൈയ്യേറിയെന്നാണ് പരാതി. സ്ഥലത്തു മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കയ്യേറിയെന്ന് പരാതിയിൽ പറയുന്നു.

ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ്.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന്, സന്നദ്ധ സംഘനയായ എച്ച്ആർഡിഎസ്സിന്‍റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു.

12-Jul-2022