മാത്യു കുഴല്‍നാടന്റെ പരീക്ഷാ ക്രമക്കേട് വിവരാവകാശത്തിൽ പുറത്ത്

കോൺഗ്രസ് എംഎൽഎ മാത്യു കുഴല്‍നാടന്റെ പരീക്ഷാ ക്രമക്കേട് പുറത്ത്. പ്രീ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ ക്രമക്കേടിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പരീക്ഷാ ക്രമക്കേട് നടത്തിയതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡീ ബാര്‍ ചെയ്യപ്പെട്ടിരുന്നുവെന്നാണ് വിവരാവകാശ രേഖ.

1992-94 ബാച്ചില്‍ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയായി കോതമംഗലം എംഎ കോളജില്‍ പഠിക്കുന്ന കാലയളവിലാണ് മാത്യു കുഴല്‍നാടന്‍ പരീക്ഷാ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടത്. ഗുരുതരമായ അക്കാദമിക് ക്രമക്കേടാണ് കോതമംഗലം എംഎ കോളജിലെ അന്നത്തെ കെഎസ്യു നേതാവായിരുന്ന മാത്യു കുഴൽനാടൻ കാട്ടിയത്. പ്രീ ഡിഗ്രി പരീക്ഷയിൽ നിന്നും ഡീ ബാർ ചെയ്യപ്പെട്ട മാത്യു പിന്നീട് ശിക്ഷാ കാലാവധിക്കുശേഷം പരീക്ഷ കടന്നുകൂടുകയായിരുന്നു.

മൂവാറ്റുപുഴ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രൊഫഷണൽ കോൺഗ്രസ്സ് സംസ്‌ഥാന അധ്യക്ഷനായ മാത്യുവിന്റെ വിദ്യാഭ്യാസ യോഗ്യതകൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് വോട്ടുതേടിയത്. തിരുവനന്തപുരം ലോ കോളജിൽ നിന്നും നിയമ ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദത്തിനുശേഷം ഡൽഹി ജാവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് ഡോക്‌ട‌റേറ്റുമൊക്കെ നേടിയ വ്യക്തി എന്ന നിലയിലാണ് മാത്യു സ്വയം പരിചയപ്പെടുത്തിയതും.

12-Jul-2022