കേന്ദ്രമന്ത്രിമാർ വന്ന് ഉദ്ഘാടനം ഉറപ്പായ പദ്ധതിയ്ക്ക് സമീപം നിന്ന് ഫോട്ടോയെടുത്ത് മടങ്ങുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിൽ വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴിയെണ്ണാൻ കൂടി സമയം കണ്ടെത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ ജനിച്ചു വളർന്ന മന്ത്രി അടിക്കടി വാർത്താ സമ്മേളനം നടത്തുന്നുണ്ട്. ഇതിനെക്കാൾ കൂടുതൽ കുഴികളാണ് ദേശീയ പാതയിലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെത്തി മേൽപ്പാലത്തിന്റെ നിർമ്മാണം വിലയിരുത്തിയിരുന്നു. പിന്നാലെ അതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും, മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വി. മുരളീധരനും എത്തിയിരുന്നു. തുടർന്നാണ് മന്ത്രി റിയാസ് നിയമസഭയിൽ പരിഹാസം ഉന്നയിച്ചത്.

11 ദേശീയപാത സംസ്ഥാനത്തുണ്ട്. റോഡിന്റെ ഭൂരിഭാഗവും സംരക്ഷിക്കുന്ന ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രമന്ത്രിമാർ വന്ന് ഉദ്ഘാടനം ഉറപ്പായ പദ്ധതിയ്ക്ക് സമീപം നിന്ന് ഫോട്ടോയെടുത്ത് മടങ്ങുകയാണ്. കേന്ദ്രം റോഡുകളിലെ കുഴിയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്ത് എത്തി കഴക്കൂട്ടം മേൽപ്പാല്ലത്തിന്റെ നിർമ്മാണം വിലയിരുത്തിയിരുന്നു. ഇതിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശമന്ത്രി കഴക്കൂട്ടത്ത് എത്തിയതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് നാട്ടുകാർക്ക് മനസിലാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

13-Jul-2022