കേരളത്തിൽ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്ഥാനരഹിതം: മന്ത്രി വീണാ ജോർജ്
അഡ്മിൻ
സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തു. മരുന്ന് ലഭ്യത ഉറപ്പാക്കാനും, വിതരണം സുഗമമാക്കാനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കാന്‍ കെ.എം.എസ്.സി.എല്‍-നോട് ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിലും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റിലും ഏകോപനത്തിനും ഇടപെടലിനും പരിശോധനയ്ക്കുമായി പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.
തുടര്‍ച്ചയായി ആരോഗ്യ വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, വകുപ്പ് തലവന്മാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിശദമായ അവലോകന യോഗങ്ങള്‍ നടത്തി. ജില്ലകളില്‍ ഡെപ്യുട്ടി ഡി.എം.ഒ മാര്‍ക്ക് പ്രത്യേക ചുമതല നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ ആര്‍.എം.ഒ-മാരെ ചുമതലപ്പെടുത്തി. മരുന്നുകള്‍ ഉപയോഗിക്കാത്തിരുന്നിടത്ത് നിന്ന് ആവശ്യമുള്ളിടത്തേയ്ക്ക് എത്തിക്കുന്നുവെന്നും വാര്‍ഷിക ഇന്‍ഡന്റിനേക്കാള്‍ ആവശ്യമെങ്കില്‍ അധികമായി ഉപഭോഗം ഉണ്ടായ ഇടങ്ങളില്‍ മരുന്നുകള്‍ അഡീഷണല്‍ ഇന്‍ഡന്റിലൂടെ ടെണ്ടര്‍ വിലയ്ക്ക് തന്നെ വാങ്ങി ലഭ്യമാക്കുന്നുവെന്നും ഉറപ്പാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 69 കോടി രൂപ ആശുപത്രികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ മരുന്നുകളുടെ ഉപഭോഗത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായി. ഇന്‍ഡന്റിലും ഈ ഏറ്റക്കുറച്ചിലുകള്‍ പ്രതിഫലിക്കപ്പെട്ടു. ഈ സാചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തി മാസങ്ങള്‍ക്ക് മുമ്പുതന്നെ സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.