മൂന്നുമാസത്തെ ശമ്പളം നല്‍കിയില്ല എന്ന് പറയുന്നത് അവാസ്തവമാണ്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ സാമ്പത്തിക സ്ഥിതിയില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. നേരിയ തോതിലുള്ള വസ്തു നികുതിയും തൊഴില്‍ നികുതിയും മാത്രമാണ് പഞ്ചായത്തിന്റെ പ്രധാന നികുതി വരവ്. ഇതുമൂലം തനതു ഫണ്ടിലുണ്ടാകുന്ന കുറവ് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

2021 – 22 വര്‍ഷത്തില്‍ അങ്ങനെ പ്രതിസന്ധി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ 20.74 ലക്ഷം രൂപ ഗ്യാപ് ഫണ്ട് മലപ്പട്ടം പഞ്ചായത്തിന് അനുവദിച്ചു. അതും ജനറല്‍ പര്‍പ്പസ് ഗ്രാന്റും ഉപയോഗിച്ചാണ് കഴി‍ഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ശമ്പളവും ക്ഷാമബത്തയും മറ്റും നല്കിയത്. ജലജീവന്‍ മിഷന് അടക്കേണ്ടുന്ന ഫണ്ടില്‍ നിന്ന് ഇപ്പോള്‍ വളരെ അടിയന്തിരമായി നല്‍കേണ്ടതില്ലാത്ത തുക ഉപയോഗിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളവും നല്‍കിയിട്ടുണ്ട്. ജൂണ്‍ മാസത്തെ ശമ്പളം മാത്രമാണ് കുടിശ്ശികയുള്ളത്. ഇതും വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും. വസ്തുത ഇതായിരിക്കെ മൂന്നുമാസത്തെ ശമ്പളം നല്‍കിയില്ല എന്ന് പറയുന്നത് അവാസ്തവമാണ്.

മലപ്പട്ടത്തെ ഒരു ജീവനക്കാരനായ എം വി ബാബു ശമ്പളം കിട്ടാത്തതിനാല്‍ കൂലിപ്പണിക്ക് പോകുന്നു എന്ന ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്റെ വീടുപണിയില്‍ സഹായിക്കുന്ന ഫോട്ടോ എടുത്താണ് ഈ പ്രചരണം നടത്തുന്നത്. അധ്വാനിച്ച് ജീവിക്കുന്ന ഏതൊരാളുടെയും ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ മറ്റാരെക്കാളും മുന്നിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തെറ്റായ ചിത്രമാണ്‌ പ്രചരിപ്പിച്ചതെങ്കിൽ ജീവനക്കാരനെതിരെ നടപടി എടുക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവ്‌ ആവശ്യപ്പെടുകയും, ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി മറുപടി നൽകുകയും ചെയ്തു.

13-Jul-2022