വി ഡി സതീശന്റെ സ്വിറ്റ്സർലന്റ് പ്രയോഗം: ഉരുളയ്ക്ക് ഉപ്പേരിയായി മന്ത്രിയുടെ മറുപടി
അഡ്മിൻ
ചൊവ്വാഴ്ച തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുമായി ബന്ധപെട്ട അടിയന്തര പ്രമേയ നോട്ടീസിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ മറുപടിയെ പരിഹസിച്ച പ്രതിപക്ഷനേതാവ് കേരളത്തെ സ്വിറ്റ്സർലന്റ് ആക്കുമോ എന്ന് ചോദിച്ചിരുന്നു. ധനാഭ്യർത്ഥന ചർച്ചകൾക്കുള്ള ഇന്നത്തെ മറുപടി പ്രസംഗത്തിൽ നിയമസഭയിൽ വിഡി സതീശന് മന്ത്രി എണ്ണിയെണ്ണി മറുപടി നൽകി. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ മാനവവികസന സൂചികാ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിയുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
യുണൈറ്റഡ് നാഷന്‍സ് ഡെവലെപ്മെന്റ് പ്രോഗ്രാം UNDP യുടെ 2020 – ലെ മാനവ വികസന സൂചിക അനുസരിച്ച് 0.646 പോയിന്റോടെ ഇന്ത്യ 131 -ാം സ്ഥാനത്താണ്. 0.957 പോയിന്റോടെ നോര്‍വ്വെ ഒന്നാംസ്ഥാനവും 0.955 സ്കോറോടെ അയര്‍ലണ്ടും, സ്വീറ്റ്സര്‍ലന്റും രണ്ടാം സ്ഥാനത്തുമാണ്. കേരളത്തിന്റെ സ്കോര്‍ 0.782 ആണ്.
മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ നിലവാരത്തിനേക്കാള്‍ എത്രയോ മുന്നിലാണ് കേരളം. എന്നാല്‍ സ്വിറ്റ്സര്‍ലാന്റിന്റെ നിലവാരത്തിലേക്കുള്ള വഴിയിലുമാണ്. അതുകൊണ്ട് നമ്മുടെ സംസ്ഥാനം ശ്രീലങ്കയുടെ പാതയിലല്ല. സ്വിറ്റ്സര്‍ലാന്റിന് തുല്യമായ റാങ്കിലേക്ക് കേരളത്തെ എത്തിക്കാന്‍ എല്‍ ഡി എഫ് ഗവണ്‍മെന്റിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
വികസിത രാജ്യങ്ങള്‍ക്കിടയില്‍ (OECD രാജ്യങ്ങള്‍) നടത്തിയ മറ്റൊരു താരതമ്യ പഠനം അനുസരിച്ച് എല്ലാവര്‍ക്കും വീട് നല്കുന്ന കാര്യത്തില്‍ സ്വീറ്റ്സര്‍ലന്റിന്റെ സ്കോര്‍ പത്തില്‍ 6.9 ആണ്. അതായത് 100 ശതമാനം പേര്‍ക്കും വീട് എന്ന സ്വപ്നം നേടിയിട്ടില്ലെന്നര്‍ത്ഥം. ആ പഠനത്തിലെ 10 മാനദണ്ഡങ്ങളില്‍ പലതിലും സ്വിറ്റ്സര്‍ലന്റിന് 8, 9 പോയിന്റുകളുണ്ട്. എന്നാല്‍ ജനാധിപത്യ ഇടപെടലുകളുടെ കാര്യത്തില്‍ കേവലം 3 മാത്രമാണ് സ്വിറ്റ്‌സര്‍ലന്റിന്റെ സ്കോര്‍. സ്വിറ്റ്സര്‍ലന്റ് പോലും സമഗ്ര വികസനത്തില്‍ സമ്പൂര്‍ണ്ണമല്ല എന്നര്‍ത്ഥം. കേരളമാകട്ടെ, വീടിന്‍റെ കാര്യത്തിലും ജനാധിപത്യ ഇടപെടലുകളുടെ കാര്യത്തിലും ഇപ്പോള്‍ തന്നെ മുന്നിലാണ്.
ഇന്ത്യയില്‍ ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്ക് ഉള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന ജീവിത ഗുണനിലവാരം ഉറപ്പാക്കിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.രാജ്യത്തിന് മാതൃകയാകുന്ന ബദലുകളാണ് കേരളം നടപ്പിലാക്കുന്നത്. ഭവനരഹിതര്‍ക്ക് വീട് നല്‍കാനുള്ള രണ്ടാംഘട്ടം ലൈഫ് പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ കേരളം വലിയ മുന്നേറ്റം തന്നെ നടത്തും. അതിദരിദ്രരെ കണ്ടെത്തി അവരെ പടിപടിയായി കൈപിടിച്ചുയര്‍ത്താനുള്ള കേരളത്തിന്‍റെ പദ്ധതി, ലോകത്തിന് തന്നെ മാതൃകയാണ്. വാതില്‍പ്പടി സേവനം ഉള്‍പ്പെടെയുള്ള സേവനങ്ങളൊരുക്കി, കേരളം പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്.
കെ ഡിസ്ക് വഴിയും, സംരംഭങ്ങൾ ഒരുക്കിയും തൊഴിൽ നൽകാനുള്ള പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. സങ്കുചിത കക്ഷി രാഷ്ട്രീയത്തിന്റെയും നിക്ഷിപ്ത താല്പര്യങ്ങളുടെയും ഭാഗമായ എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച്, ദൃഢനിശ്ചയത്തോടെ, ജനങ്ങള്‍ക്കുവേണ്ടി നിലയുറപ്പിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ ഈ മുന്നേറ്റം. ഈ കാര്യങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടാണ് പ്രതിപക്ഷം അനാവശ്യമായി സംസ്ഥാനത്തെ ഇകഴ്ത്താനുള്ള ശ്രമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മലപ്പട്ടം വിഷയത്തിൽ മറുപടി പറഞ്ഞെങ്കിലും, സ്വിറ്റ്സർലൻഡ് വിഷയത്തിൽ പ്രതിപക്ഷനേതാവ് സഭയിൽ ഇന്ന് മൗനം പാലിച്ചു
13-Jul-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ