കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി എകെ ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തും

ബഫർ സോൺ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക അറിയിക്കാൻ വനം വകുപ്പ്മന്ത്രി എ കെ ശശീന്ദ്രൻ ഡൽഹിയിലേക്ക്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി നാളെ രാവിലെ 9.30ന് ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തും. ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് എ കെ ശശീന്ദ്രൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ പോകുന്നത്. വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരും മന്ത്രിക്കൊപ്പം നാളെ ഡൽഹിയിലെത്തും.

ബഫർ സോൺ വിഷയത്തിൽ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്. വനാതിർത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റർവരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞിരുന്നു. വിഷയത്തിൽ വ്യാപക ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പുനഃപരിശോധിക്കുന്നത്.

14-Jul-2022