രാജ്യത്തിന് മാതൃക യാവുന്ന വികസന ബദലുകളാണ് കേരളം നടപ്പിലാക്കുന്നത്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും ബഹുമാനപ്പെട്ട അംഗങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതില്‍ സ്വീകാര്യമായവ സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്ത് മുന്നോട്ടു പോകും. പല വിമര്‍ശനങ്ങളും ബഹുമാനപ്പെട്ട അംഗങ്ങളുടെ പ്രസംഗങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളില്‍ തള്ളേണ്ടവയെ അവഗണിച്ചും ഉള്‍ക്കൊള്ളേണ്ടവയെ പരിഗണിച്ചും തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടു പോകുന്നതിന് പരിശ്രമിക്കും.

പിന്നിട്ട ഒരു വര്‍ഷം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് അഭിമാനപൂര്‍വ്വം ഇവിടെ ചൂണ്ടിക്കാണിക്കുക യാണ്. കേവലം സേവനദാതാക്കള്‍ എന്ന നിലയില്‍ നിന്ന് തൊഴില്‍ ദാതാക്കള്‍ വരെയാകുന്ന പ്രാദേശിക സര്‍ക്കാരുകളായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക യാണ്. മദ്യവര്‍ജ്ജന നയത്തില്‍ ഊന്നിക്കൊണ്ട് എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ സാധിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തു മ്പോള്‍, ജനപക്ഷത്ത് നിന്നുകൊണ്ട് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ കാഴ്ചവച്ച ഭരണമികവിന്റെ കേരള മാതൃകയ്ക്ക് ശക്തിപകരാന്‍ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകള്‍ക്കും ഈ കാലയളവില്‍ സാധിച്ചു എന്നത് അഭിമാനകരമായി കാണുന്നു.

നവകേരള തദ്ദേശകം

നവകേരള നിര്‍മ്മിതിയുടെ പുതിയൊരു ഘട്ടത്തിനാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. സാധാരണ ജനങ്ങള്‍ ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയും പുതുതലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും കേരളത്തെ ജ്ഞാനസമൂഹവും, ജ്ഞാന സമ്പദ്ഘടനയുമാക്കി മാറ്റാനുതകുന്ന വികസന മാതൃകകളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

സുസ്ഥിരവികസനവും വളര്‍ച്ചയും സാമൂഹികനീതിയും തുല്യതയും കരുത്താക്കി മുന്നേറുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസനശൈലിയുടെ തുടര്‍ച്ചകളാണ് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ പിന്നിട്ട ഒരു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളില്‍ കാണാനാവുക.

നവകേരള സൃഷ്ടിയുടെ ഭാഗമായി നവകേരള തദ്ദേശകം ക്യാമ്പയിന്‍ വളരെ ശക്തമായ നിലയില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 14 ജില്ലകളിലും നേരിട്ടുപോയി അതിന്റെ തുടക്കം കുറിച്ചു.

ജനകീയാസൂത്രണത്തിന്റെ 25-ാം വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിന് വിപുലവും നവീനവുമായ നടപടികളാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഗ്രാമനഗരഭേദമെന്യേ കേരളത്തെ മൊത്തം കണ്ടുകൊണ്ടുള്ള വികസന, ക്ഷേമ, ഭരണനിര്‍വ്വഹണ സമീപന മാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. പ്രളയത്തിന്റെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെയും കൊവിഡിന്റെയും പ്രതിസന്ധി നിറഞ്ഞ കാലത്തു നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന നവകേരളത്തെ രൂപപ്പെടുത്തുന്നതില്‍ ചരിത്രപരമായ പങ്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചു വരുന്നത്.

ഒരു വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍

1) ഏകീകൃത വകുപ്പ്

ഏകീകൃത തദ്ദേശസ്വയം ഭരണവകുപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണപരമായ പിന്തുണ നല്‍കുന്നതിനുള്ള വലിയ സഹായമായിത്തീരും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ്. മുപ്പത്തൊന്നായിരത്തിലധികം സ്ഥിരം ജീവനക്കാരും ഏഴായിരത്തോളം വരുന്ന കണ്ടിജന്റ് ജീവനക്കാരും ചേരുന്ന ഈ ഏകീകൃത വകുപ്പ് അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ കരുത്തായി മാറും.

2) അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണ ത്തിന്റെ ആദ്യപടി എന്ന നിലയില്‍ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കി. അപ്രകാരം കണ്ടെത്തിയ 64006 കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും അതിജീവനത്തിനായി വിവിധ വകുപ്പുകളു മായി ചേര്‍ന്നുകൊണ്ട് മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴി‍ഞ്ഞു.

3) ലൈഫ് മിഷന്റെ ഭാഗമായി 3 ലക്ഷം വീടുകള്‍ എന്ന ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചു കഴിഞ്ഞു. ലൈഫിന്റെ ആദ്യഘട്ടത്തില്‍ വിട്ടുപോയവരെ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലൈഫ് 2020 എന്ന പേരില്‍ സ്വീകരിച്ച അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്കും സൂപ്പര്‍ചെക്കിനും ശേഷം കരട് പട്ടിക പ്രസിദ്ധീകരിച്ചു. അതിന്മേല്‍ ഒന്നാംഘട്ട അപ്പീല്‍ പൂര്‍ത്തിയാക്കിയശേഷം രണ്ടാം ഘട്ട അപ്പീല്‍ സ്വീകരിച്ച് അതിന്മേലുള്ള നടപടികള്‍ നടന്നുവരുന്നു. 5,60,758 പേരാണ് ഇപ്പോള്‍ ലിസ്റ്റിലുള്ളത്. ഗ്രാമസഭകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളും പരിശോധിച്ചശേഷം വരുന്ന ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

നാല് ഫ്ലാറ്റുകളുടെ പണി പൂര്‍ത്തിയായി. 26 ഫ്ലാറ്റുകളുടെ പ്രവര്‍ത്തന നടപടികള്‍ പുരോഗമിച്ചു വരുന്നു. 23148 വീടുകളുടെ നിര്‍മ്മാണവും വിവിധ ഘട്ടങ്ങളിലായി നടന്നു വരുന്നുണ്ട്. ലൈഫ് മിഷനിലെ ഈ 3 ലക്ഷം വീടുകളും നാല് ഫ്ലാറ്റുകളും ഈ കേരളത്തിന്റെ മണ്ണില്‍ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ്. അത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയതുപോലെ കേവലം പ്രഖ്യാപനമല്ല, കടലാസില്‍ വരച്ചു കളിച്ച വീടുമല്ല, കേരളത്തിന്റെ ഭൂമിയില്‍ തന്നെ ഉയര്‍ന്നു വന്നിട്ടുള്ളതാണ് ഈ 3 ലക്ഷം വീടുകള്‍.

ലൈഫിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റോളില്ല എന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളിന്മേല്‍ ആദ്യപരിശോധന നടത്തുന്നത് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ മേല്‍നോട്ടത്തില്‍ അവിടത്തെ ഉദ്യോഗസ്ഥരാണ്. പട്ടിക അന്തിമമായി അംഗീകരിക്കുന്നതും അതത് ഗ്രാമസഭകളും ഭരണസമിതികളുമാണ്. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ എഗ്രിമെന്റ് വെയ്ക്കുന്നതും അവര്‍ക്ക് ഗഡുക്കളായി പണം അനുവദിക്കുന്നതും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ഇത്രയും കൃത്യവും സജീവവുമായി ലൈഫിലെ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അപമാനിക്കലാണ് അവര്‍ക്ക് ലൈഫ് പദ്ധതിയില്‍ റോളില്ല എന്ന പ്രതിപക്ഷ ആരോപണം.

4) ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കളുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി സുമനസ്സുകളില്‍ നിന്ന് ഭൂമി കണ്ടെത്തുന്ന ക്യാമ്പയിനായ മനസ്സോടിത്തിരി മണ്ണ് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ബഹു. എം. എല്‍. എ. മാര്‍ അവരവരുടെ മണ്ഡലത്തിലെ ഭൂരഹിതര്‍ക്കായി ഭൂമി കണ്ടെത്താന്‍ സഹായിക്കണം ; മുന്‍കൈ എടുക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുക യാണ്.

 

5) സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും സ്ത്രീപക്ഷ നവകേരളം സാധ്യമാക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവന്ന കാലയളവാണിത്.

6) തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് മാതൃകാപരമായി നടപ്പി ലാക്കുന്ന സംസ്ഥാനമായി കേരളം മാറി. 2021 – 22 സാമ്പത്തിക വര്‍ഷം കേന്ദ്രം അംഗീകരിച്ചത് ആയിരം ലക്ഷം തൊഴില്‍ ദിനങ്ങള്‍ ആണെങ്കില്‍ കേരളം 1056.13 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സാധ്യ മാക്കി. 56.13 ലക്ഷം തൊഴില്‍ ദിനങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചു. പട്ടിക ജാതി വിഭാഗ കുടുംബങ്ങള്‍ക്ക് 18.31 ലക്ഷം തൊഴില്‍ ദിനങ്ങളും പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് 6.33 ലക്ഷം തൊഴില്‍ ദിനങ്ങളും ലഭിച്ചു. സ്ത്രീകളുടെ പങ്കാളിത്തം 89.42 % ആണ്.

7) നഗരമേഖലയില്‍ തൊഴില്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും ചരിത്രപരമായി കുതിപ്പ് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 46 ലക്ഷം തൊഴില്‍ ദിനങ്ങളാണ് 2021 -22 സാമ്പത്തികവര്‍ഷം സൃഷ്ടിച്ചത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 13.5 ലക്ഷം തൊഴില്‍ ദിനങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഈ പദ്ധതിയ്ക്കായി ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപ പൂര്‍ണമായും ചെലവഴിച്ചു.

8) അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടിയാണ് വാതില്‍പ്പടി സേവനം. 2021സെപ്തംബറില്‍ ബഹു. മുഖ്യമന്ത്രി പദ്ധതിയുടെ ആദ്യഘട്ടം ഉത്ഘാടനം ചെയ്തു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജന വിഭാഗങ്ങള്‍ക്കും ശയ്യാവലംബര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഏറെ സഹായകമാകുന്ന ഈ പദ്ധതിയിലൂടെ വളണ്ടിയര്‍മാരെ ഉപയോഗ പ്പെടുത്തി സേവനങ്ങള്‍ വീട്ടുപടിയിലേയ്ക്ക് എത്തുന്നു. ജനകീയ സര്‍ക്കാര്‍ എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാ വുകയാണ് ഇതുവഴി.

9) റെസ്പോണ്‍സ് ഗവേണന്‍സ് എന്നത് സത്ഭരണ ത്തിന്റെ സമീപനങ്ങളില്‍ പ്രധാനമാണ്. അതുറപ്പു വരുത്തി ക്കൊണ്ടാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ എല്‍ ജി എം എസ്) ഒരുക്കിയിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഐ എല്‍ ജി എം. എസിന്റെ ഫ്രണ്ട് എന്‍ഡ് ആയ സിറ്റിസണ്‍ പോര്‍ട്ടല്‍ ഇന്ന് ജനം ഏറെ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ ഏപ്രില്‍ 4 മുതല്‍ കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തു കളിലും ഈ സംവിധാനം നിലവില്‍ വന്നു. ഇന്നലെ (11.07.2022) വരെ 29,80,308 അപേക്ഷകള്‍ ഐ എല്‍ ജി എം എസ് വഴി തീര്‍പ്പാക്കി കഴിഞ്ഞു. അത് ഉള്‍പ്പെടെ 35,04,064 അപേക്ഷ കളാണ് ഈ ഓണ്‍ലൈന്‍ സംവിധാനത്തില്‍ കഴിഞ്ഞ 3 മാസം കൊണ്ട് ലഭിച്ചത്. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഇതൊരു പ്രത്യേക ഉദ്യമമായി മറ്റു സംസ്ഥാനങ്ങളുടെ മുമ്പാകെ അവതരിപ്പി ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ ഐ ബി പി എം എസ്, അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാന്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ്, എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഇ–ഫയല്‍ ഓഫീസിംഗ്, എഞ്ചിനീയര്‍മാര്‍ക്ക് ഇ–എം ബുക്ക് തുടങ്ങിയവയും ഇ ഗവേണന്‍സ് രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നേടുന്നതിന് സാധിച്ചു. എക്സൈസ് വകുപ്പിലും എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കി കഴിഞ്ഞു.

10) പച്ചത്തുരുത്തുകള്‍, തെളിനീരൊഴുകം നവകേരളം, ജലാശയങ്ങളെ മലിനീകരണമുക്തമാക്കി സ്വച്ഛന്ദമായുള്ള ഒഴുക്കിന് വഴിയൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഹരിതകേരള മിഷനുമായി ചേര്‍ന്നു കൊണ്ടുള്ള സമാനതകളില്ലാത്ത ക്യാമ്പയിനാണ്.

11) സമ്പൂര്‍ണ മാലിന്യ മുക്തമാക്കി പൗരന്മാര്‍ക്ക് വൃത്തിയും ശുചിത്വവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു. വാതില്‍പ്പടി ശേഖരണം മുതല്‍ സംസ്ക്കരണ പ്ലാന്റുകള്‍ വരെ ഉപയോഗപ്പെടുത്തി ക്കൊണ്ടുള്ള വ്യത്യസ്തമായ നടപടികള്‍ ഈ മേഖലയില്‍ സ്വീകരിച്ചി ട്ടുണ്ട്. മാലിന്യ മുക്തകേരളം ഈ ഗവണ്‍മെന്റ് യാഥാര്‍ത്ഥ്യമാക്കും.

12) വൃത്തിയും ശുചിത്വവുമുള്ള പൊതുശുചിമുറികള്‍ യാഥാര്‍ത്ഥ്യ മാക്കുന്നതിന്റെ ഭാഗമായി 542 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങള്‍ നാളിതുവരെ പൂര്‍ത്തിയാക്കി.

13) നവോത്ഥാനമൂല്യങ്ങള്‍ക്ക് കരുത്തേകിക്കൊണ്ട്, മതാ ചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖ ആവശ്യമില്ലെന്ന നിലപാടെടുത്തുകൊണ്ട് വിവാഹ രജിസ്ട്രേഷൻ പ്രവര്‍ത്തനം ഏറെ സുഗമമാക്കി. വിവാഹത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയുടെയും ജനിയ്ക്കുന്ന കുട്ടികളുടെയും സുരക്ഷിതത്വത്തിനായി ആ സമീപനം സഹായകരമായി. കോവിഡ് സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ട് തദ്ദേശസ്ഥാപന രജിസ്ട്രാര്‍ മുമ്പാകെ എത്താനാകാത്ത ദമ്പതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയുണ്ടായി.

14) യുവതീ ഓക്സിലറി ഗ്രൂപ്പ് വഴി കേരളത്തിലെ ലക്ഷക്കണക്കിന് യുവതികളുടെ സാമൂഹിക സാംസ്കാരിക ഉപജീവന ഉന്നമനത്തിനായുള്ള പൊതുഇടമായി കുടുംബശ്രീയെ ഉപയോഗ പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു. 18 നും 40 നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 19553 എണ്ണം ഓക്സിലറി ഗ്രൂപ്പുകള്‍ നിലവിലുണ്ട്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതുവിഷയ ങ്ങളിലും ഇടപെടാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഇതുവഴി സാധിക്കുന്നു. 2,98,381 യുവതികള്‍ ഈ ഗ്രൂപ്പുകളുടെ ഭാഗമാണ്.

15) പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 1000 ജനസംഖ്യയില്‍ 5 പേര്‍ക്ക് വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയ്ക്ക് തുടക്കമായി. വ്യവസായ വകുപ്പ്, കെ - ഡിസ്ക്ക് തുടങ്ങിയവയുമായി സഹകരിച്ചുകൊണ്ട് എന്റെ തൊഴില്‍ എന്റെ അഭിമാനം, എന്റെ സംരംഭം നാടിന്റെ അഭിമാനം എന്നീ ക്യാമ്പയിനുകളിലൂടെ തൊഴില്‍രംഗത്തും സംരംഭക രംഗത്തും കുതിച്ചു ചാട്ടത്തിനുള്ള അടിത്തറ പാകി.

16) സി എം എല്‍ ആര്‍ ആര്‍ പി പദ്ധതിയിലൂടെ 3320 റോഡ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലൂടെ 139 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 446 സ്കൂളുകളില്‍ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുന്നു. PMGSY യിലൂടെ 612 കി.മീറ്റര്‍ ഗ്രാമീണ റോഡുകളും രണ്ട് പാലങ്ങളും പൂര്‍ത്തിയാക്കും.

17) 1184 ജനകീയ ഹോട്ടലുകളാണ് വിശപ്പ് രഹിതം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ ഏറ്റെടുത്തു നടത്തുന്ന ഈ ജനകീയ ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തി ഗുണ നിലവാരവും ഉറപ്പുവരുത്തുന്നു. ഇതിനകം 6 കോടി രൂപയുടെ വിറ്റു വരവുമായി കേരള ചിക്കന്‍ പദ്ധതിയും കുടുംബശ്രീ മുഖേന വിപുലപ്പെടുത്തി വരികയാണ്.

18) ഈസ് ഓഫ് ഡൂയിംഗ് സമീപനത്തിന്റെ ഭാഗമായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ചിലത് ലഘൂകരിച്ചു. അതിന്റെ തുടര്‍ച്ചയായി വീടു നിര്‍മ്മാണത്തിനായും മറ്റും ലാന്റ് ഡെവലെപ്മെന്റ് നടത്തുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനും ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുകയും അഴിമതി സാധ്യതകള്‍ക്ക് പൂട്ടിടുകയും ചെയ്തു. ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമം നേരത്തെ തന്നെ ലഘൂകരിച്ചിരുന്നു. പുതുതായി ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറെ ലഘൂകരിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബര്‍ 31 ന് നിര്‍ദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി.

19) അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കുടിവെള്ളം, ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയിലൂന്നി നഗര ഭരണ പ്രദേശങ്ങളില്‍ സമൂലമായ മാറ്റം ഉണ്ടാക്കി മുന്നോട്ടുപോവുകയാണ്.

20) ലഹരിമുക്ത നവകേരളം സാക്ഷാത്ക്കരിക്കുന്നതിനായി എക്സൈസ് വകുപ്പ് ബഹുജനപങ്കാളിത്തത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. പുതിയ മദ്യനയം രൂപപ്പെടുത്തി.

21) ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലന പരിപാടികളും ഗവേഷണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്ന കില മികവിന്റെ കേന്ദ്രമാകുകയാണ്. കിലയുടെ തളിപ്പറമ്പ് ക്യാമ്പയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് എന്ന അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം ആരംഭിച്ചു. മൂന്ന് പി. ജി കോഴ്സുകള്‍ ഈ വര്‍ഷം തുടങ്ങും.

22) തദ്ദേശസ്വയംഭരണ രംഗത്ത് കഴിഞ്ഞ വര്‍ഷം വിവിധ ദേശീയ പുരസ്ക്കാരങ്ങളുടെ വലിയ വരവാണ് നമ്മുടെ സംസ്ഥാന ത്തേക്ക് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ - പെരളം, പാപ്പിനിശ്ശേരി, തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, കൊല്ലം ജില്ല യിലെ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തുകള്‍, കോട്ടയം ജില്ലയിലെ ളാലം, കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്തുകള്‍, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് എന്നിവര്‍ക്ക് വിവിധ മേഖലയിലെ കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ അവാര്‍ഡുകള്‍ ലഭിച്ചു. ഭവന നിര്‍മ്മാണ മേഖലയിലെ മികച്ച ധനവിനിയോഗത്തിന് കെ യു ആര്‍ ഡി എഫ് സി യ്ക്കും മികച്ച പശ്ചാത്തല സൗകര്യ വികസനത്തിന് ലൈഫ് മിഷനും ഹഡ്കോയുടെ ദേശീയ അംഗീകാരം ലഭിച്ചു. കുട്ടികളുടെ പൂരക പോഷകാഹാര മേഖലയില്‍ കുടുംബശ്രീയ്ക്ക് ഗ്ലെന്‍മാര്‍ക്ക് ന്യൂട്രീഷ്യന്‍ അവാര്‍ഡ് ലഭിച്ചു. PMAY (അര്‍ബന്‍) സ്കീമിലൂടെ ഭവന നിര്‍മ്മാണ രംഗത്ത് നാം ഉണ്ടാക്കിയ മുന്നേറ്റത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചത് കുടുംബശ്രീയ്ക്കും ലൈഫ് മിഷനുമുള്ള അംഗീകാരം കൂടിയാണ്.

14-ാം പഞ്ചവത്സര പദ്ധതിയും കാലതാമസവും

നമ്മുടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികാസ ദശയിലെ ചരിത്രമുഹൂര്‍ത്തമാണ് ഈ വര്‍ഷം. അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ കേരളം ലോകത്തിന് നല്‍കിയ മാതൃകയാണ് ജനകീയാസൂത്രണ പ്രസ്ഥാനം. 1996 ലെ ചിങ്ങം ഒന്നിന് അന്നത്തെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക നേതൃത്വത്തിന്റെ പരിച്ഛേദമാകെ അണിനിരന്ന വേദിയില്‍ കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി സ. ഇ. എം. എസ്. ആണ് ജനകീയാസൂത്രണത്തിന് തിരി തെളിച്ചത്. ഒമ്പതാം പദ്ധതി ജനകീയ പദ്ധതിയായി ആരംഭിച്ച് ഈ വര്‍ഷത്തോടെ 14-ാം പഞ്ചവത്സര പദ്ധതിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വികസന പ്രക്രിയയില്‍ കാല്‍നൂറ്റാണ്ട് തികച്ച ജനകീയാസൂത്രണ പ്രസ്ഥാന ത്തിന്റെ നേട്ടങ്ങളെ കൂടുതല്‍ ബലപ്പെടുത്തിയും പോരായ്മകള്‍ പരിഹരിച്ചും അധികാര വികേന്ദ്രീകരണ പ്രക്രിയയെയും പ്രാദേശിക സര്‍ക്കാരുകളെയും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

2022 – 23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തില്‍ കാല താമസം വന്നു എന്നതാണ് വലിയ ആക്ഷേപമായി പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 14-ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷമായതിനാലുള്ള സ്വാഭാവികമായ കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. 12-ാം പദ്ധതി യു ഡി എഫ് ഭരണ കാലത്തായിരുന്നല്ലോ. അന്ന് ആ പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷമായ 2012 – 13 വാര്‍ഷിക പദ്ധതി അംഗീകാര നടപടി സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത് 2012 സെപ്തംബര്‍ 24 ന് ആയിരുന്നു എന്നത് ഓര്‍മ്മയുണ്ടാകണം. യു ഡി എഫ് ഭരണകാലത്ത് അക്കൊല്ലം സെപ്തംബര്‍/ ഒക്ടോബര്‍ മാസങ്ങളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കിയത്.

13-ാം പദ്ധതി രൂപീകരണപ്രക്രിയ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു. അതിന്റെ ആദ്യവര്‍ഷ പദ്ധതി 2017 ജുലൈ മാസത്തോടെയാണ് പൂര്‍ത്തീകരിച്ചത്. ഇത്തവണ 14-ാം പദ്ധതിയുടെ ആദ്യ ‍പൂര്‍ണവാര്‍ഷിക പദ്ധതി രൂപീകരണ മാര്‍ഗ്ഗരേഖ 2022 ഏപ്രില്‍‍ മാസത്തില്‍ പുറപ്പെടുവിച്ചു. അതിന്റെ ഭാഗമായി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വര്‍ക്കിംഗ് ഗ്രൂപ്പ് പുനഃസംഘടന, വികസന രേഖ പുതുക്കല്‍ എന്നിവയില്‍ തുടങ്ങി ഗ്രാമസഭകളും വികസന സെമിനാറുകളും വരെയുള്ള നടപടികളെല്ലാം പൂര്‍ത്തീകരിച്ചു. അവരവരുടെ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന സെമിനാറുകള്‍ കഴിഞ്ഞയാഴ്ചകളില്‍ നടന്നപ്പോള്‍ ഉദ്ഘാടനം ചെയ്യാനും മറ്റുമായി അതില്‍ പങ്കെടുത്തവരാണ് ഇവിടെയിരിക്കുന്ന ബഹുമാന്യരായ അംഗങ്ങള്‍. എന്നിട്ടു പിന്നെ പദ്ധതി രൂപീകരണം നടക്കുന്നില്ല എന്ന് പറയുന്നത് ഏതടിസ്ഥാനത്തിലാണ്? ഇപ്പോള്‍ പദ്ധതികള്‍ ഡി പി സി യ്ക്ക് സമര്‍പ്പിച്ച് അംഗീകാരം തേടുന്ന പ്രവര്‍ത്തനം നടക്കുകയാണ്. അത് ഈ മാസം തന്നെ പൂര്‍ത്തിയാക്കും. എന്നാല്‍ അതേസമയം അനിവാര്യ പ്രോജക്ടുകളുടെയും സ്പില്‍ ഓവര്‍ പ്രോജക്ടുകളുടെയും നിര്‍വ്വഹണം ഏപ്രില്‍ മാസം തന്നെ ആരംഭിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷന്‍ ഫണ്ട് ഇനത്തിലുള്ള പ്രോജക്ടുകളും കഴിഞ്ഞ ജനുവരിയില്‍ തന്നെ രൂപീകരിച്ച് ഏപ്രില്‍ മുതല്‍ നിര്‍വ്വഹണം നടന്നുവരികയാണ്. അതുകൊണ്ട് വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ ഈ വര്‍ഷം എന്തോ വലിയ കാലതാമസം വരുത്തി എന്നുള്ള പ്രചരണം ഒട്ടും വസ്തുതാപരമല്ല. ഏപ്രില്‍ മാസം മുതല്‍ തന്നെ വിവിധ പ്രോജക്ടുകളുടെ നിര്‍വ്വഹണം ആരംഭിച്ചിട്ടുണ്ട്. പൂര്‍ണ വാര്‍ഷിക പദ്ധതി രൂപീകരണം, 2012 ല്‍ യു ഡി എഫ് കാലത്ത് സാധിച്ചതിനെക്കാള്‍ മൂന്ന് മാസം മുമ്പുതന്നെ പൂര്‍ത്തീകരിക്കാനും കഴി‍യും.

ഫണ്ട് അനുവദിച്ചതും വെട്ടിച്ചുരുക്കല്‍ വാദവും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിനെ സംബന്ധിച്ചും പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അത് ഇന്നലെ അടിയന്തിര പ്രമേയത്തിന്റെ ഭാഗമായും വിശദീകരിച്ച താണ്.

2021 -22 വര്‍ഷം 7180 കോടി രൂപയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിവിധയിനങ്ങളിലായി അനുവദിച്ചി രുന്നത്. 185753 പ്രോജക്ടുകളിലായി ഇതില്‍ 5835.93 കോടി രൂപ അതായത് 88.12% ചെലവഴിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിച്ചു. ഏറെ പുരോഗതി നേടിയത് ഗ്രാമ പഞ്ചായത്തുകളാണ്. 92.9% ചെലവ് പുരോഗതി നേടാനായി. 259 ഗ്രാമപഞ്ചായത്തുകള്‍ 100% പദ്ധതി പുരോഗതി നേട്ടം കൈവരിച്ചു. പട്ടികജാതി വിഭാഗ പ്രത്യേക ഘടകപദ്ധതിയില്‍ 377 ഗ്രാമപഞ്ചായത്തുകളും ട്രൈബല്‍ സബ് പ്ലാന്‍ മേഖലയില്‍ 171 ഗ്രാമപഞ്ചായത്തു കളും 100% നിര്‍വഹണ പുരോഗതി നേടി.

2022-23 സാമ്പത്തിക വര്‍ഷം ബജറ്റില്‍ 8048 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 868 കോടി രൂപയാണ് വര്‍ദ്ധിച്ചത്. ഇതിന്റെ ആദ്യഗഡു ഇതിനകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒന്നാം ക്വാര്‍ട്ടറിലേക്കുള്ള ആദ്യഗഡു അനുവദിച്ച ബഹു. ധനകാര്യവകുപ്പ് മന്ത്രിയ്ക്കും ധനവകുപ്പിനും പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്.

2011-16 ലെ യു ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഓരോ വര്‍ഷത്തെയും സംസ്ഥാന പദ്ധതി അടങ്കലിന്റെ ശരാശരി 24 % മാത്രമാണ് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ 2016 -21 കാലത്തെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 25 % ആയി വര്‍ദ്ധിച്ചു. യു ഡി എഫ് കാലത്ത് ആകെ 19788 കോടി രൂപയാണ് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികസന ഫണ്ടിനത്തില്‍ നീക്കിവച്ചതെങ്കില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 33130 കോടി രൂപയായി വര്‍ദ്ധിക്കുകയുണ്ടായി. ഈ കണക്കുകളെല്ലാം കൃത്യവും വ്യക്തവുമാണ്. പ്ലാനിംഗ് ബോര്‍ഡ് രേഖകളില്‍ ലഭ്യമാണ്. അതുകൊണ്ട് ഫണ്ട് വെട്ടിക്കുറച്ചു എന്നും മറ്റും നടത്തുന്ന വ്യാജ പ്രചരണത്തിന്റെ പൊള്ളത്തരം തിരിച്ചറിയാനാകണം.

മെയിന്റനന്‍സ് ഗ്രാന്റ്

മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതി രൂപീകരണത്തിനായി രണ്ടാഴ്ച മുമ്പ് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിനെ പിടിച്ചാണ് മറ്റൊരു പ്രചരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡും റോഡിതരവു മായ ആസ്തികളുടെ നവീകരണത്തിനും സംരക്ഷണത്തിനുമാണ് മെയിന്റനന്‍സ് ഗ്രാന്റ് പ്രത്യേകം അനുവദിക്കുന്നത്. ആറാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച്, കര്‍ശനമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളുടെ സ്ഥിതി വിവരക്കണക്കിനെ ആധാരമാക്കിയാണ് ഈ വര്‍ഷം മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചത്. അങ്ങനെ വന്നപ്പോള്‍ ജില്ലാ പഞ്ചായത്തുകളുടെ ഉള്‍പ്പെടെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ വലിയ കുറവ് വരികയും കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്ല വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തു. ഇന്നലെ ഇവിടെ പറഞ്ഞതുപോലെ, മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന് 2021-22 വര്‍ഷം 29.42 കോടി രൂപയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ വിഹിതം 6.71 കോടിയായി കുറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിന് കഴിഞ്ഞ വര്‍ഷം 61.04 കോടി ലഭിച്ചിടത്ത് ഈ വര്‍ഷം 10.57 കോടി രൂപ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കഴിഞ്ഞ വര്‍ഷം 47.05 കോടി രൂപ ലഭിച്ചിടത്ത് ഈ വര്‍ഷം 2.12 കോടി മാത്രമാണ് ലഭിച്ചത്. ഇത്തരത്തില്‍ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റോ‍ഡ് മെയിന്റനന്‍സ് ഗ്രാന്റ് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പുനഃപരിശോധി ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതനുസരിച്ചാണ് മുന്‍വര്‍ഷം നല്‍കിയ അനുപാതത്തില്‍ തന്നെ ഈ വര്‍ഷവും മെയിന്റനന്‍സ് ഗ്രാന്റ് വിഭജിച്ചു നല്‍കാന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇപ്രകാരം പുനഃക്രമീകരിക്കുമ്പോഴും ബജറ്റിലെ മൊത്തം വിഹിതമായ 1849.65 കോടി രൂപയില്‍ യാതൊരു കുറവും വരാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക പൂര്‍ണമായും ലഭിക്കും.

മലപ്പട്ടം പ്രശ്നം

കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതിയില്‍ പിടിച്ചാണ് മറ്റൊരു ആക്ഷേപം ഉന്നയിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സാമ്പത്തിക സ്ഥിതിയില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. നേരിയ തോതിലുള്ള വസ്തു നികുതിയും തൊഴില്‍ നികുതിയും മാത്രമാണ് പഞ്ചായത്തിന്റെ പ്രധാന നികുതി വരവ്. ഇതുമൂലം തനതു ഫണ്ടിലുണ്ടാകുന്ന കുറവ് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നുണ്ട്.

2021 – 22 വര്‍ഷത്തില്‍ അങ്ങനെ പ്രതിസന്ധി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ 20.74 ലക്ഷം രൂപ ഗ്യാപ് ഫണ്ട് മലപ്പട്ടം പഞ്ചായത്തിന് അനുവദിച്ചു. അതും ജനറല്‍ പര്‍പ്പസ് ഗ്രാന്റും ഉപയോഗിച്ചാണ് കഴി‍ഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ശമ്പളവും ക്ഷാമബത്തയും മറ്റും നല്കിയത്. ജലജീവന്‍ മിഷന് അടക്കേണ്ടുന്ന ഫണ്ടില്‍ നിന്ന് ഇപ്പോള്‍ വളരെ അടിയന്തിരമായി നല്‍കേണ്ടതില്ലാത്ത തുക ഉപയോഗിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളവും നല്‍കിയിട്ടുണ്ട്. ജൂണ്‍ മാസത്തെ ശമ്പളം മാത്രമാണ് കുടിശ്ശികയുള്ളത്. വസ്തുത ഇതായിരിക്കെ മൂന്നുമാസത്തെ ശമ്പളം നല്‍കിയില്ല എന്നൊക്കെ പൊലിപ്പിച്ച് പ്രചരിപ്പിക്കുകയാണ്.

ഇവിടത്തെ ഒരു ജീവനക്കാരനായ ശ്രീ. എം.വി. ബാബു ശമ്പളം കിട്ടാത്തതിനാല്‍ കൂലിപ്പണിക്ക് പോകുന്നു എന്നൊരു ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്റെ വീടുപണിയില്‍ സഹായിക്കുന്ന ഫോട്ടോ എടുത്താണ് ഈ പ്രചരണം നടത്തുന്നത്. അധ്വാനിച്ച് ജീവിക്കുന്ന ഏതൊരാ ളുടെയും ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ മറ്റാരെക്കാളും മുന്നിലുണ്ടാകും. അതുറപ്പാണ്. എന്നാല്‍ സ്വന്തം സഹോദരന്റെ വീടുപണിയ്ക്ക് സഹായിക്കാന്‍ പോയ പഞ്ചായത്ത് ജീവനക്കാരന്‍ കൂലിപ്പണിക്ക് പോകേണ്ടി വന്നു എന്ന നിലയിലുള്ള വ്യാജ പ്രചരണങ്ങളെ തിരിച്ചറിയാനും തള്ളിക്കളയാനും സാധിക്കണം.

എക്സൈസ് വകുപ്പ്

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കീഴില്‍ എക്സൈസ് വകുപ്പ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. സമൂഹത്തിലെ മയക്കു മരുന്ന് വ്യാപനത്തിന് എതിരെയും വ്യാജമദ്യത്തിന് എതിരെയും ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എക്സൈസ് വകുപ്പ് കഴി‍ഞ്ഞ കാലങ്ങളില്‍ കണ്ടെടുത്ത കേസുകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാ നത്ത് എക്സൈസ് വകുപ്പ് 19221 അബ്കാരി കേസുകളും 4147 എന്‍ ഡി പി എസ് കേസുകളും കണ്ടെടുത്തിട്ടുണ്ട്. അബ്കാരി കേസുകളില്‍ 14617 പേരെയും എന്‍ ഡി പി എസ് കേസുകളില്‍ 4094 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ പെട്ട 19826 ലിറ്റര്‍ സ്പിരിറ്റ്, 9013 ലിറ്റര്‍ ചാരായം, 519342 ലിറ്റര്‍ വാഷ്, 26957 ലിറ്റര്‍ അനധികൃത മദ്യം, 4965 കി ഗ്രാം കഞ്ചാവ്, 9 കി ഗ്രാം എം ഡി എം എ, 27.85 കി. ഗ്രാം ഹാഷിഷ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

ഒന്നാം പിണറായി സര്‍ക്കാര്‍ തന്നെ വ്യക്തമായ മദ്യനയത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചത്. യു ഡി എഫിനകത്തെ ആഭ്യന്തരക്കുഴപ്പം മൂലം അവരുടെ ഭരണത്തില്‍ നിരന്തരമായ നയംമാറ്റം നടത്തിയപ്പോള്‍ അരാജകത്വവും അഴിമതിയും നടമാടിയതാണ് എക്സൈസ് രംഗം.

ഈ സര്‍ക്കാര്‍ വ്യക്തമായ മദ്യനയം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവര്‍ജ്ജനത്തില്‍ കൂടി മദ്യ ഉപഭോഗം കുറയ്ക്കുക. അതോടൊപ്പം മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ലഹരിക്കെതിരെ ബോധവത്ക്കരണത്തിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. മദ്യനിരോധനത്തിലൂടെ മദ്യഉപഭോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് അനുഭവങ്ങളിലൂടെ തെളി‍ഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മദ്യ വര്‍ജ്ജനത്തിലൂടെ മദ്യ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നത്. മദ്യശാലകളുടെ എണ്ണം മാത്രം കണക്കിലെടുത്ത് മദ്യ ഉപഭോഗം കണക്കാക്കുന്നത് ശരിയായ രീതിയല്ല. മദ്യശാലകള്‍ കുറഞ്ഞ യു ഡി എഫ് ഭരണകാലത്തെക്കാളും മദ്യ ഉപയോഗം എല്‍ ഡി എഫ് ഭരണകാലത്ത് കുറവാണ്. 2011 – 16 കാലത്ത് ബെവ്കോ 1149.11 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റപ്പോള്‍ 2016-21 കാലത്ത് 1036.6 ലക്ഷം കെയ്സ് മാത്രമാണ് വില്പന. മദ്യശാലകളുടെ എണ്ണം കുറയ്ക്കുന്നത് ഇത്തരം സ്ഥാപനങ്ങളില്‍ അനിയന്ത്രിതമായ തിരക്ക് ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിലൂടെ ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് സാധിക്കും. നിലവിലുള്ളത് ഉള്‍പ്പെടെ എല്ലാ ഷോപ്പുകളും ക്യൂ നില്‍ക്കുന്ന ഏര്‍പ്പാട് ഒഴിവാക്കി, വാക് ഇന്‍ സൗകര്യമുള്ള പ്രീമിയം ഷോപ്പുകളാക്കി മാറ്റും.

ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുക മാത്രമാണ് പോംവഴി. സര്‍ക്കാര്‍ 14 ജില്ലകളിലും ഡീ അഡീക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 71250 പേര്‍ക്ക് നാളിതുവരെ ചികിത്സ നല്‍കി.

പരമ്പരാഗത മേഖലയായ കള്ളുചെത്തു വ്യവസായം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. ടോഡി ബോര്‍ഡ് അധികം വൈകാതെ നിലവില്‍ വരും. ബോര്‍ഡിന്റെ പ്രവര്‍ത്തനം കള്ളുചെത്ത് വ്യവസായ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും.

സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കശുമാങ്ങ, കൈതചക്ക തുടങ്ങിയ കാര്‍ഷിക വിഭവങ്ങള്‍ ഉപയോഗശൂന്യമായി പോകുന്നുണ്ട്. ഇതുമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുന്നതിന് ഇത്തരം വിളകള്‍ സംഭരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് സഹായകമായിരിക്കും. ഇക്കാര്യം പഠിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാല ഇത്തരം കാര്‍ഷിക ഉല്പന്നങ്ങളില്‍ നിന്നും വൈന്‍ ഉല്പാദിപ്പിക്കാന്‍ കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങളില്‍ നിന്നും വൈനും വീര്യം കുറഞ്ഞ മദ്യവും ഉല്പാദിപ്പിക്കുന്നതിന് അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

സംസ്ഥാനത്ത് ഐ. ടി. പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത്തരം പാര്‍ക്കുകളില്‍ മൂലധന നിക്ഷേപത്തിന് തയ്യാറാകുന്നവര്‍ക്കും ഐ.റ്റി. പാര്‍ക്കുകളില്‍ അവരുടെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വേളകളില്‍ വിനോദത്തിന് അവസരം ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നുണ്ട്.

ഐ. ടി പാര്‍ക്കുകളിലെ ഇതിനായി നീക്കി വയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കുന്നതാണ്. ഇത് സംബന്ധിച്ച ചട്ടം രൂപീകരിച്ചു വരുന്നു.


കേരളവും സ്വിറ്റ്സര്‍ലന്റും

സങ്കുചിത കക്ഷി രാഷ്ട്രീയത്തിന്റെയും നിക്ഷിപ്ത താല്പര്യങ്ങ ളുടെയും ഭാഗമായ എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച്, ദൃഢനിശ്ചയത്തോടെ, ജനങ്ങള്‍ക്കുവേണ്ടി നിലയുറപ്പിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നേറുന്നത്. രാജ്യത്തിന് മാതൃക യാവുന്ന വികസന ബദലുകളാണ് കേരളം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്ക് ഉള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന ജീവിത ഗുണനിലവാരം ഉറപ്പാക്കിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്.

യുണൈറ്റഡ് നാഷന്‍സ് ഡെവലെപ്മെന്റ് പ്രോഗ്രാം UNDP യുടെ 2020 – ലെ മാനവ വികസന സൂചികയ നുസരിച്ച് 0.646 പോയിന്റോടെ ഇന്ത്യ 131 -ാം സ്ഥാന ത്താണ്. 0.957 പോയിന്റോടെ നോര്‍വ്വെ ഒന്നാംസ്ഥാനവും 0.955 സ്കോറോടെ അയര്‍ലണ്ടും, സ്വീറ്റ്സര്‍ലന്റും രണ്ടാം സ്ഥാനത്തുമാണ്. കേരളത്തിന്റെ സ്കോര്‍ 0.782 ആണ്. അതായത് മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ നിലവാരത്തിനേക്കാള്‍ എത്രയോ മുന്നിലാണ് കേരളം. എന്നാല്‍ സ്വീറ്റ്സര്‍ലാന്റിന്റെ നിലവാരത്തിലേക്കുള്ള വഴിയിലു മാണ്. അതുകൊണ്ട് നമ്മുടെ സംസ്ഥാനം ശ്രീലങ്കയുടെ പാതയിലല്ല; സ്വീറ്റ്സര്‍ലാന്റിന് തുല്യമായ റാങ്കിലേക്ക് കേരളത്തെ എത്തിക്കാന്‍ എല്‍ ഡി എഫ് ഗവണ്‍മെന്റിന് കഴിയുമെന്ന് ഉറപ്പിച്ചു തന്നെ പറയാം.

വികസിത രാജ്യങ്ങള്‍ക്കിടയില്‍ (OECD രാജ്യങ്ങള്‍) നടത്തിയ മറ്റൊരു താരതമ്യ പഠനം അനുസരിച്ച് എല്ലാവര്‍ക്കും വീട് നല്കുന്ന കാര്യത്തില്‍ സ്വീറ്റ്സര്‍ലന്റിന്റെ സ്കോര്‍ പത്തില്‍ 6.9 ആണ്. അതായത് 100 ശതമാനം പേര്‍ക്കും വീട് എന്ന സ്വപ്നം നേടിയിട്ടില്ലെന്നര്‍ത്ഥം. ആ പഠന ത്തിലെ 10 മാനദണ്ഡങ്ങളില്‍ പലതിലും സ്വീറ്റ്സര്‍ലന്റിന് 8, 9 പോയിന്റുകളുണ്ട്. എന്നാല്‍ ജനാധിപത്യ ഇടപെടലുകളുടെ കാര്യത്തില്‍ കേവലം 3 മാത്രമാണ് സ്വീറ്റ്സര്‍ലണ്ടിന്റെ സ്കോര്‍. സ്വീറ്റ്സര്‍ലാണ്ട് പോലും സമഗ്ര വികസനത്തില്‍ സമ്പൂര്‍ണ്ണമല്ല എന്നര്‍ത്ഥം. അതുവച്ച് നോക്കുമ്പോള്‍ വീടിന്റെ കാര്യത്തിലും ജനാധിപത്യ ഇടപെടലുകളുടെ കാര്യത്തിലും കേരളം ഇപ്പോള്‍ തന്നെ മുന്നിലാണെന്നു കാണാം.

14-Jul-2022