കെ പി സി സി നേതൃയോഗത്തില്‍ കെ സുധാകരനെതിരെ വിഡി സതീശൻ

കോഴിക്കോട് നടക്കാനിരിക്കുന്ന ചിന്തന്‍ ശിബിറിന് മുന്നായി ചേര്‍ന്ന കെ പി സി സി നേതൃയോഗത്തില്‍ വിമര്‍ശനവുമനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ പി സി സി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് സതീശന്‍ പറഞ്ഞു. ഇതിന് തടയിടാന്‍ കഴിയണം. ഇല്ലെങ്കില്‍ കെ പി സി സി പ്രസിഡന്റിന് വരെ അത് ക്ഷീണമായി മാറുമെന്നും സതീശന്‍ പറഞ്ഞതായി നേതാക്കള്‍ പറയുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കാത്തതില്‍ ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാല്‍ അംഗീകരിക്കാനാകില്ലെന്നും ദീപ്തി പറഞ്ഞു. കെ പി സി സി അധ്യക്ഷനായി സുധാകരന്‍ വന്നപ്പോഴുള്ള ഉണര്‍വ് ഇപ്പോഴില്ലെന്നും താഴെത്തട്ടില്‍ സംഘടന ഇപ്പോഴും നിര്‍ജീവമാണെന്നും ചിലര്‍ പറഞ്ഞു. ഭാരവാഹി പട്ടിക അനന്തമായി നീളുന്നതിലും നേതാക്കള്‍ പരിഭവം പ്രകടിപ്പിച്ചു.

അർഹരായ നിരവധി പേർ പുറത്തുനിൽക്കുമ്പോൾ നേതാക്കളുടെ ആശ്രിതരെ കെപിസിസി പട്ടികയിൽ കുത്തിക്കയറ്റിയാൽ അംഗീകരിക്കില്ലെന്ന് പല നേതാക്കളും അറിയിച്ചു. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ്‌ പട്ടികയ്‌ക്കെതിരെ രംഗത്തുള്ളത്‌. പേമെന്റ്‌ നിയമനമെന്ന്‌ ആക്ഷേപമുള്ള പ്രവീൺ, ജയ്‌ഹിന്ദ്‌ ചാനലിലെ ഷിജു തുടങ്ങിയ പ്രവർത്തന രംഗത്ത് സജീവമല്ലാത്തവരെ അംഗീകരിക്കില്ലെന്ന നിലപാടാണ്‌ ഒരു വിഭാഗത്തിന്.

14-Jul-2022