കണ്ണൂർ ജില്ലയിലെ ബോംബിന്റെ പൈതൃകം കോൺഗ്രസിന്: മുഖ്യമന്ത്രി

കണ്ണൂർ ജില്ലയിലെ ബോംബിന്റെ പൈതൃകം കോൺഗ്രസിനാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പന്തക്കപ്പാറയിലെ കൊളങ്ങരേത്ത് രാഘവൻ എന്ന ബീഡി തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി കോൺഗ്രസ് നേതാക്കളാണ്‌ ബോംബാക്രമണങ്ങൾക്ക്‌ തുടക്കമിട്ടത്‌. കണ്ണൂർ ഡിസിസി ഓഫീസിൽ മൂന്നുതരം ബോംബ് നിർമാണം മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കുകയും ശക്തി വിവരിക്കുകയും ചെയ്‌തു. ഇതാരാണെന്ന്‌ എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് ആർഎസ്എസും എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടുമാണ്‌. ഇവരെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ കോൺഗ്രസിനാകുന്നില്ല. ഇടതുപക്ഷത്തിന്റെ ഒട്ടേറെ പ്രവർത്തകർ കൊല്ലപ്പെട്ടു. ഓഫീസുകൾ ആക്രമിക്കപ്പെട്ടു. സിപിഐ എം കൊടി പൊതുജനമധ്യത്തിൽ കത്തിച്ചു. സമൂഹമാധ്യങ്ങളിൽ അത് പ്രചരിപ്പിച്ചു. 2020 മുതൽ ഒമ്പത്‌ സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടു. അഞ്ച്‌ കൊലപാതകം യുഡിഎഫ് തന്നെയാണ് ചെയ്‌തത്. ഒരിക്കലെങ്കിലും ഇതിനെ അപലപിക്കാനോ, തെറ്റാണെന്ന് പറയാനോ കോൺഗ്രസ്‌ നേതാക്കൾ തയ്യാറായില്ല. കൊലപാതകികളെ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാല് കൊലപാതകം ആർഎസ്എസ് നടത്തിയപ്പോഴും മിണ്ടിയില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 1,760 കൊലക്കേസുണ്ടായി. അതിൽ 35 രാഷ്ട്രീയ കൊലപാതകവും. ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസുകാർതന്നെ കോൺഗ്രസുകാരെ വകവരുത്തിയ മൂന്നു കേസും ഉൾപ്പെടുന്നു. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് ജീവനക്കാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽ കൊല്ലപ്പെട്ടു. ഇതിനെല്ലാം പിന്നിൽ സമുന്നത കോൺഗ്രസ് നേതാക്കളാണെന്ന്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പാർടി പ്രവർത്തകരും പറഞ്ഞെങ്കിലും ആരോപിതരെ സംരക്ഷിച്ചു.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് 1,516 കൊലപാതക കേസുണ്ടായി. 26 രാഷ്ട്രീയ കൊലപാതകവും. ഈ സർക്കാർ വന്നശേഷം എട്ടു രാഷ്ട്രീയ കൊലപാതകമുണ്ടായി. നാലെണ്ണം ആർഎസ്എസുകാർ ചെയ്‌തു. മൂന്നെണ്ണം എസ്ഡിപിഐക്കാരും. ഒരെണ്ണം കോൺഗ്രസുകാരും. കൊല്ലപ്പെട്ടതിൽ നാലുപേർ സിപിഐ എം പ്രവർത്തകരാണ്. എല്ലാ പ്രതികൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ഒരു കേസിലും അന്വേഷണം അട്ടിമറിക്കപ്പെട്ടില്ല. പൊലീസ് കുറ്റവാളികളുടെ മുഖവും രാഷ്ട്രീയവും നോക്കിയല്ല, നിയമം നോക്കിയാണ് ഇടപെട്ടത്. അതാണ് തുടരുന്നതുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു..

14-Jul-2022