സഭയിൽ വാക്കുകളുടെ നിരോധനം ബിജെപിയുടെ ഭീരുത്വമാണ് വെളിവാക്കുന്നത്: എളമരം കരീം
അഡ്മിൻ
നൂറിൽപരം വാക്കുകൾക്ക് സഭയിൽ വിലക്കേർപ്പെടുത്തിയ നടപടി ജനാധിപത്യ വ്യവസ്ഥയോടും ജനപ്രതിനിധികളോടുമുള്ള വെല്ലുവിളിയാണ് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീം. രാജ്യത്തെ ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ ഉയർത്തുന്നതിൽ നിന്നും എംപിമാരെ വിലക്കുന്ന ഈ നടപടി പരിഹാസ്യവും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹംവിമർശിച്ചു .
വിമർശനങ്ങളെ എന്നും ഭയപ്പെടുന്ന ബിജെപി തങ്ങൾക്കെതിരായി ഒരു വാക്കുപോലും സഭയിൽ വരരുത് എന്ന ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ച് ജനങ്ങൾക്കുമുന്നിൽ വീണ്ടും പരിഹാസ്യരാവുകയാണ്. അഴിമതി തുടച്ചുനീക്കും എന്ന് അധികാരത്തിരുമ്പോൾ വാഗ്ദാനം ചെയ്തവർ എട്ടുവർഷത്തിനിപ്പുറം അഴിമതി എന്ന വാക്കാണ് സഭയിൽ നിന്നും തുടച്ചുമാറ്റിയിരിക്കുന്നത്. ജനവിരുദ്ധ നയങ്ങൾ മുഖമുദ്രയാക്കിയ മോദി ഗവൺമെന്റ് കഴിഞ്ഞ കുറച്ചുനാളുകളായി അവലംബിക്കുന്ന ഭരണഘടനാ വിരുദ്ധ നടപടികളുടെ ഒരു തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും സർക്കാർ പ്രതിക്കൂട്ടിലാകുന്ന വിഷയങ്ങളും സഭയിൽ ഉന്നയിക്കുമ്പോൾ പ്രതിപക്ഷ എംപിമാരുടെ പ്രസംഗം തടസപ്പെടുത്തുകയും മൈക്ക് ഓഫാക്കുകയും പ്രതിഷേധിച്ചാൽ പുറത്താക്കുകയും ചെയ്യുന്ന രീതി കഴിഞ്ഞ കുറേ നാളുകളായി ബിജെപി സ്വീകരിച്ചുവരികയായിരുന്നു. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സഭ കലുഷിതമായപ്പോൾ പെഗാസസ് എന്ന വാക്ക് ഉച്ഛരിക്കാൻ പ്രതിപക്ഷ അംഗങ്ങളെ അനുവദിച്ചിരുന്നില്ല. ഇപ്പോൾ വിലക്കിയിരിക്കുന്ന നൂറിൽപരം വാക്കുകളിൽ അഴിമതി, അസത്യം, ലജ്ജ, വഞ്ചന, തെറ്റ്, നുണ, നാടകം, അപമാനം ഉൾപ്പെടെ സാധാരണ നിലയിൽ ഉപയോഗിക്കുന്ന വാക്കുകളാണ് ഭൂരിപക്ഷവുമുള്ളത്.
ഇനി പ്രതിപക്ഷ എംപിമാർ ആരുംതന്നെ സഭയിൽ സംസാരിക്കാൻ എഴുന്നേൽക്കേണ്ടതില്ല എന്ന പറയാതെ പറയുകയാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിക്കും സർക്കാരിനും മംഗളപത്രം വായിക്കാൻ മാത്രം സഭയിലേക്കെത്തിയാൽ മതി എന്ന നിലപാട് ബിജെപിയുടെ ഭീരുത്വമാണ് വെളിവാക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്ത ഇത്തരം നടപടികൾ തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .