എംടിക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കൈരളിയുടെ സാഹിത്യ നഭസ്സിൽ നക്ഷത്രശോഭ പരത്തുന്ന എംടി വാസുദേവൻ നായർക്ക് നവതി ആശംസകൾ നേർന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. 'മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ' ചുരുങ്ങി എംടി എന്ന രണ്ടക്ഷരമായപ്പോൾ മലയാള സാഹിത്യലോകത്ത് തിരയടങ്ങാത്ത ഒരു കടൽ രൂപംകൊള്ളുകയായിരുന്നു എന്ന് മന്ത്രി തന്റെ ഫേസ്ബുക്കിൽ എഴുതി.
ചെറുകഥകളിലൂടെയും നോവലുകളിലൂടെയും പിന്നെ തിരക്കഥകളിലൂടെയും അതിന്റെ ഇരമ്പൽ നാം കേൾക്കുന്നു. വള്ളുവനാടൻ മിത്തുകളും ശൈലികളും കൊണ്ട് അക്ഷരാത്ഭുതം സൃഷ്ടിക്കുമ്പോഴും എംടി സാഹിത്യം യഥാർത്ഥത്തിൽ ചരിത്രം തന്നെയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
'മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ' ചുരുങ്ങി എംടി എന്ന രണ്ടക്ഷരമായപ്പോൾ മലയാള സാഹിത്യലോകത്ത് തിരയടങ്ങാത്ത ഒരു കടൽ രൂപംകൊള്ളുകയായിരുന്നു. ചെറുകഥകളിലൂടെയും നോവലുകളിലൂടെയും പിന്നെ തിരക്കഥകളിലൂടെയും അതിന്റെ ഇരമ്പൽ നാം കേൾക്കുന്നു. വള്ളുവനാടൻ മിത്തുകളും ശൈലികളും കൊണ്ട് അക്ഷരാത്ഭുതം സൃഷ്ടിക്കുമ്പോഴും എംടി സാഹിത്യം യഥാർത്ഥത്തിൽ ചരിത്രം തന്നെയാണ്.
മരുമക്കത്തായവും ജന്മിത്വത്തിന്റെ അവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയെപ്പറ്റിയുള്ള ചരിത്രം. എല്ലായിടത്തും രണ്ടാംസ്ഥാനത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ടവനുവേണ്ടി ഒരു 'രണ്ടാമൂഴത്തിലൂടെ' മറ്റൊരിതിഹാസമെഴുതിയപ്പോൾ, കാത്തിരിപ്പിന്റെ 'മഞ്ഞു'തിർത്തപ്പോൾ, കുട്ട്യേടത്തിയും ഭ്രാന്തൻ വേലായുധനും ലീലയും എല്ലാം മലയാളിയുടെ കാവ്യാനുഭവങ്ങളിലേക്ക് ഊർന്നിറങ്ങിയപ്പോൾ എംടി ഒരനുഭൂതിയാവുകയായിരുന്നു.
ആദ്യനോവലിന് കേരളസാഹിത്യ അക്കാദമി അവാർഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കവുമടക്കം തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരത്തിന്, ഏഴ് പതിറ്റാണ്ടിലേറെയായി കൈരളിയുടെ സാഹിത്യ നഭസ്സിൽ നക്ഷത്രശോഭ പരത്തുന്ന അനശ്വരകഥാകാരന് നവതി ആശംസകൾ.