അത്യാധുനിക സൗകര്യങ്ങളുള്ള മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കും: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
സംസ്ഥാനത്ത് നാല് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കുമെന്ന് തദ്ദേശ സ്ഥാപന വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത, വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം. ഇതിനായി അത്യാധുനിക സൗകര്യങ്ങളുള്ള മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരില്‍കണ്ട് മനസിലാക്കാനാകും. കൃത്യമായ വിവര ശേഖരണവും ജിഐഎസ് മാപ്പിങ്ങും നടത്തി മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ ശാസ്ത്രീയവും കാര്യക്ഷമവുമായി നടത്താൻ സാധിക്കുന്ന രീതിയിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ശുചിത്വ മിഷന്റെ 'എന്റെ നഗരം ശുചിത്വ നഗരം' പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ഏകദിന മേഖലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി.