ബിജെപിയെ ഭയം; ഗോവയിലെ എംഎല്‍എമാരെ ചെന്നൈയില്‍ എത്തിച്ചു

ബിജെപിയുടെ രാഷ്ട്രീയ ചരടുവലി ഭയന്ന് ഗോവയിൽ കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍ നടപടി. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരെ ചെന്നൈയിലേക്ക് മാറ്റി. എംഎല്‍എമാരായ സങ്കല്‍പ് അമോങ്കര്‍, ആള്‍ട്ടണ്‍ ഡികോസ്റ്റ, കാര്‍ലോസ് അല്‍വാരസ്, റുഡോള്‍ഫ് ഫെര്‍ണാണ്ടസ്, യൂറി അലെമോ എന്നിവരെയാണ് ചെന്നൈയിലേക്ക് എത്തിച്ചത്. ഗോവ നിയമസഭാംഗവും സിഎല്‍പിയുടെ ഉപനേതാവുമാണ് സങ്കല്‍പ് അമോങ്കര്‍.

സംസ്ഥാനത്തെ നിയമസഭാ നടപടികള്‍ അവസാനിച്ച വെള്ളിയാഴ്ച വൈകുന്നേരമാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. ജൂലൈ 18 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് എംഎല്‍എമാരെ 'സുരക്ഷിത' സ്ഥാനത്തേക്ക് മാറ്റിയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കി.

മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മൈക്കിള്‍ ലോബോയും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്ന സമയത്താണ് പുതിയ വികാസം. പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ നല്‍കിയെന്ന് കോണ്‍ഗ്രസിന്റെ ഗോവ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു പറഞ്ഞിരുന്നു. അതേസമയം ആരോപണം നിഷേധിച്ച ലോബോ ബിജെപിയില്‍ ചേരാന്‍ തനിക്ക് പദ്ധതിയില്ലെന്നാണ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.

എംഎല്‍എമാരെ ചെന്നൈയിലേക്ക് മാറ്റിയ സംഭവത്തില്‍ ഇരുവരുടെയും പ്രതികരണം വന്നിരുന്നു. 'ഈ വിഷയത്തില്‍ എനിക്ക് അഭിപ്രായങ്ങളൊന്നുമില്ല, എനിക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഔദ്യോഗിക ഉത്തരവാദിത്തങ്ങളൊന്നുമില്ല, അതിനാല്‍ എനിക്ക് ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ല. ആരെയെങ്കിലും കാണാന്‍ ചിലപ്പോള്‍ എംഎല്‍എമാരെ ചെന്നൈയിലേക്ക് വിളിപ്പിച്ചതാകാം',ദിഗംബര്‍ കാമത്ത് ഒരു മാധ്യമത്തിനോട് പറഞ്ഞു.

എംഎല്‍എമാരെ ചെന്നൈയിലേക്ക് കൊണ്ടുപോയത് എന്തിനാണെന്ന് അറിയില്ലെന്ന് എംഎല്‍എയായ മൈക്കിള്‍ ലോബോയും പറഞ്ഞു. 'എന്നെ ക്ഷണിച്ചിട്ടില്ല. എന്തിനാണ് അവരെ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന് എനിക്കറിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച സമ്മേളനം അവസാനിച്ചതിന് ശേഷം അഞ്ച് എംഎല്‍എമാര്‍ നേരിട്ട് ചെന്നൈയിലേക്ക് പറന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഇവര്‍ ചെന്നൈയില്‍ നിന്ന് നേരിട്ട് ഗോവയിലേക്ക് എത്തും. മറ്റ് ആറ് എംഎല്‍എമാരായ ദിഗംബര്‍ കാമത്ത്, മൈക്കല്‍ ലോബോ, ദെലിയാല ലോബോ, കേദാര്‍ നായിക്, അലക്സോ സെക്വേര, രാജേഷ് ഫല്ദേശായി എന്നിവര്‍ ചെന്നൈയിലേക്ക് പോയ സംഘത്തിന്റെ ഭാഗമല്ലെന്ന് വൃത്തങ്ങള്‍ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

17-Jul-2022