മാര്‍ഗരറ്റ് ആല്‍വ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വയാണ് സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇടതുപാർട്ടികൾ ഉൾപ്പെടെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ഏകകണ്ഠേനയാണ് മാര്‍ഗരറ്റ് ആല്‍വയുടെ പേരിലേക്ക് എത്തിയത്.

ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1942ല്‍ കര്‍ണാകടയിലെ മംഗലൂരുവില്‍ ജനിച്ച മാര്‍ഗരറ്റ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്.

1974 മുതല്‍ 1998വരെ രാജ്യസഭ അംഗമായിരുന്നു. 1984മുതല്‍ 85വരെ പാര്‍ലമെന്റരികാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 1999ല്‍ ഉത്തര കര്‍ണാടക മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമ ബംഗാള്‍ ഗവര്‍ണറായ ജഗ്ദീപ് ധന്‍കര്‍ ആണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 19 വരെയാണ് നാമനിര്‍ദ്ദേശ പത്രികകൾ സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകൾ പിൻവലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണൽ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക‍്‍സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് തീരുക.

17-Jul-2022