ഹമീദ് അൻസാരിക്കെതിരായ ദുഷ്പ്രചരണങ്ങൾ അവസാനിപ്പിക്കുക: സിപിഎം

മുൻ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരിയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപി ശ്രമം ലജ്ജാകരമാണ് എന്ന് സിപിഎം പിബി. പണ്ഡിതൻ, നയതന്ത്രജ്ഞൻ, ഉപരാഷ്ട്രപതി, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി എന്നീ നിലകളിലെല്ലാം ഇന്ത്യയുടെ താൽപര്യങ്ങൾക്കായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സത്യസന്ധതതേയും രാജ്യസ്നേഹത്തേയും അപമാനിക്കുവാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി വന്നിരിക്കുകയാണ് ബിജെപി എന്ന് പിബി പ്രസ്താവനയിൽ കുറ്റപ്പെടുത്തി..

ജനാധിപത്യ മൂല്യങ്ങൾക്കായി ഉറച്ചുനിൽക്കുന്നവരെ ആക്രമിക്കാനുള്ള ബിജെപിയുടെ നീചമായ തന്ത്രത്തിന്റെ ഭാഗമാണിത് എന്നതിൽ തർക്കമില്ല. ഡോ. ഹമീദ് അൻസാരിക്കെതിരായ ദുഷ്പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ നുസ്രത്ത് മിർസയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്നും 2010ൽ ഭീകരതയെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ അദ്ദേഹത്തോടൊപ്പം വേദിയിലിരുന്നുവെന്നുമാണ് ബിജെപിയുടെ ആരോപണം.

18-Jul-2022