ഒരു വര്‍ഷം, തദ്ദേശ സ്ഥാപനങ്ങളില്‍ 1024 നിയമനം
അഡ്മിൻ
തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 138 പേര്‍ക്ക് അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരായി നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നാണ് ഇത്രയും ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിനകം തന്നെ കില മുഖാന്തിരം പരിശീലനം നല്‍കിക്കഴിഞ്ഞു.
നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലനത്തിലൂടെ ജോലിയെ സംബന്ധിച്ചും ചുമതലകളെ സംബന്ധിച്ചും കൃത്യമായ അവബോധം ഉദ്യോഗാര്‍ഥികള്‍ക്ക് കൈവരിക്കാന്‍ സാധിച്ചു. ജോലി കൃത്യമായി നിര്‍വഹിക്കാനുള്ള കാര്യശേഷി കൈവരിക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലന പരിപാടി രൂപകല്‍പ്പന ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ കുറവിന് പരിഹാരമാവും. തദ്ദേശസ്ഥാപനങ്ങളില്‍ ഒഴിവുള്ള ഓവര്‍സിയര്‍മാരുടെ ഒഴിവുകളും അടിയന്തിരമായി നികത്തുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ എഞ്ചിനീയര്‍മാര്‍ക്കും പരിശീലനം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാര്‍ക്കും വിപുലമായ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജൂലൈ 21ന് തുടക്കമാകും. ആദ്യ ബാച്ചില്‍ ഓവര്‍സിയര്‍മാര്‍ക്കുള്ള പരിശീലനമാണ് തിരുവനന്തപുരം മാര്‍ ഇവാസിയോസ് കോളജില്‍ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക എഞ്ചിനീയറിംഗ് രീതികള്‍ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്താനാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആധുനീകരിക്കാനും കാര്യശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം. ഘട്ടംഘട്ടമായി എല്ലാ എഞ്ചിനിയറിംഗ് ചുമതലയുള്ളവര്‍ക്കും പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 4078 ജീവനക്കാരാണ് എഞ്ചിനീയറിംഗ് വിഭാഗത്തിലുള്ളത്.
ഒരു വര്‍ഷം, തദ്ദേശ സ്ഥാപനങ്ങളില്‍ 1024 നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു വര്‍ഷത്തിനിടെ പിഎസ് സി വഴി നടത്തിയത് 1024 നിയമനങ്ങളാണ്. മുൻപ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയർമാരുടെയും ഓവര്‍സിയർമാരുടെയും താത്കാലിക നിയമനവും നടന്നിരുന്നു. 296 ഓവര്‍സിയര്‍മാരുടെ നിയമനം പി എസ് സി വഴി നടന്നിരുന്നു. ഇതിന് പുറമേയാണ് ഇപ്പോളത്തെ 138 പേരുടെ നിയമനം. പഞ്ചായത്തുകളിൽ 203 എൽ.ഡി ക്ലർക്ക് , 112 ഓഫീസ് അറ്റൻഡന്റുമാര്‍, ഗ്രാമവികസന വകുപ്പിൽ 20 ബി ഡി ഒ, 101 വി ഇ ഒ, നാഗരാസൂത്രണത്തിൽ 36 വിവിധ തസ്തികകള്‍, നഗരകാര്യ വിഭാഗത്തിൽ 32 എൽ ഡി ക്ലർക്ക് , 58 മറ്റു തസ്തികകളിലും ഉള്‍പ്പെടെ പിഎസ് സി വഴി നിയമനം നടന്നു. നഗരസഭകളിൽ 17 ഹെല്‍ത്ത് ഇൻസ്പെക്ടര്‍ തസ്തികകളും പുതുതായി സൃഷ്ടിച്ചു.
പൊതുഭരണ വകുപ്പിൽ അധികമായി കണ്ടെത്തിയ 208 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ 14 ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ വിനിയോഗ കാര്യങ്ങളിലും പദ്ധതി മാനേജ്മെന്റിലും സഹായിക്കാനായി എല്ലാ ഗ്രാമ- ജില്ലാ പഞ്ചായത്തുകളിൽ പ്രൊജക്റ്റ് അസ്സിസ്റ്റന്റുമാരെ നിയമിച്ചു. 76 ഗ്രാമ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന് പുറമെ എക്സൈസ് വകുപ്പില്‍ 230 പേര്‍ക്കും പുതുതായി തൊഴില്‍ നല്‍കിയിട്ടുണ്ട്. 31 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു. പട്ടിക വർഗ മേഖലകളിൽ നിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി 100 തസ്തിക സൃഷ്ടിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. തൊഴിലും വികസനവുമൊരുക്കി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു
18-Jul-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ