കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഖേദപ്രകടനം തള്ളി എം.എം.മണി എംഎൽഎ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ എന്നാണ് എം.എം.മണി ഫേസ്ബുക്കിൽ കുറിച്ചത്. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നും എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ‘മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ’ എന്നായിരുന്നു കെ സുധാകരൻ അപഹസിച്ചത്. ചിമ്പാൻസിയുടെ ശരീരത്തിൽ എം എം മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ സുധാകരന്റെ പരാമർശം. മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്.
മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് കെ സുധാകരന്‍ എംഎം മണിയെ അധിക്ഷേപിച്ചത്. സുധാകരന്റെ അധിക്ഷേപത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സുധാകരനെതിരെ ഇടത് നേതാക്കള്‍ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ മണിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി മണിയെ പിന്തുണച്ചു. ഇതിന് പിന്നാലെയാണ് രാത്രിയോടെ സുധാകരന്‍ ഫേസ്ബുക്കില്‍ ഖേദപ്രകടനം നടത്തിയത്.