മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; ശബരിനാഥൻ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായി

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരിനാഥ്. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട്ശ ബരിനാഥൻ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കുകയാണ്. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത്‌ കോൺഗ്രസ്‌ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്‌ ശബരീനാഥനാണ്‌ എന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. വിമാനത്തിലെ പ്രതിഷേധത്തിന് നിർദേശം നൽകിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ശബരിനാഥന് നോട്ടീസ് നൽകിയത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്‍റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരിനാഥിന്‍റെ പേരിലുള്ള വാട്‌സ്‌ആപ്പ് ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവന്നത്.

19-Jul-2022