സായുധ പരിശീലനം നേടിയ തൊഴില്‍ രഹിതരെ സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും: എഎ റഹിം
അഡ്മിൻ
ഇന്ത്യൻ സൈന്യത്തിലെ കരാർ നിയമനമായ അഗ്‌നിപഥ് വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ സിപിഎമ്മിന്റെ എ എ റഹീം എംപി നോട്ടീസ് നല്‍കി. അഗ്‌നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ഈ വിഷയം സഭ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എ എ റഹീം എംപി നോട്ടീസ് നല്‍കിയത്.
രാജ്യത്തെ സായുധ സേനകളെ കേന്ദ്രസർക്കാർ ഇത്തരത്തിൽ കരാര്‍വല്‍കരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം നേടിയ തൊഴില്‍ രഹിതരെ സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എ എ റഹീം എംപി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുമായി എത്തിയാകും മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത്.