പ്രവാചകനിന്ദ: സുപ്രീം കോടതി നുപൂര്‍ ശര്‍മയുടെ അറസ്റ്റ് തടഞ്ഞു

പ്രവാചക നിന്ദ പരാമർശത്തിൽ ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ അറസ്റ്റ് തടഞ്ഞു. സുപ്രിംകോടതി ഹർജി പരിഗണിക്കുന്ന ആഗസ്ത് 10 വരെയാണ് അറസ്റ്റ് തടഞ്ഞത്. ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. ജീവന് ഭീഷണിയുണ്ടെന്ന് നുപൂർ ശർമ സുപ്രിംകോടതിയിൽ പറഞ്ഞു.

തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ എല്ലാ കേസുകളും ഒറ്റ ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും നുപൂര്‍ ശര്‍മ ആവശ്യപ്പെട്ടു.ഒന്‍പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്നും നുപൂർ ശർമ ഹരജിയിൽ വ്യക്തമാക്കി.

അതേസമയം, നേരത്തെ സുപ്രിംകോടതി നുപൂര്‍ ശര്‍മയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പ്രവാചകനിന്ദയെ തുടർന്ന് രാജ്യത്തുണ്ടായ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമയാണെന്നും അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

19-Jul-2022