നീറ്റ്‌ പരീക്ഷ: വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം:പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടി പരാതി നല്‍കി

കൊല്ലത്തു നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളജിലെ 2 വനിത ജീവനക്കാരെയും മൂന്ന് പരീക്ഷാ ഏജന്‍സി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡി.ഐ.ജി ആര്‍ നിശാന്തിനി പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ പരാതി പൊലീസിന് ലഭിച്ചു. പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടിയാണ് പരാതി നല്‍കിയത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഏജന്‍സി ജീവനക്കാരെ കോളജ് അധികൃതരെയും കൊട്ടാരക്കര ഡിവൈഎസ്പി ചേദ്യം ചെയ്തു.

നീറ്റ് കൊല്ലം സിറ്റി കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സംഭവം നിഷേധിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകാാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത്.

19-Jul-2022