പ്രവാസികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ല: എളമരം കരിം

ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഏതൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിപിഐഎം രാജ്യസഭാ കക്ഷി നേതാവും പാർടി കേന്ദ്രകമ്മിറ്റി അംഗവുമായ സ. എളമരം കരീം എംപിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിംഗ് നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ തങ്ങളുടെ പ്രവാസി വിരുദ്ധ നിലപാട് വ്യക്തമാക്കിയത്.

ഈ പ്രശ്നം കാരണം വൻ ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ ഏതൊരു ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും നിരക്ക് കുറയ്ക്കാൻ ഏതൊന്നും ചെയ്യാനില്ലെന്നുമുള്ള തീർത്തും ദൗർഭാഗ്യകരമായ മറുപടിയാണ് കേന്ദ്രമന്ത്രി നൽകിയത്. അവധി സമയങ്ങളിലും ഉത്സവ സീസണുകളിലും കേരളത്തിലേക്ക് വരുന്ന പ്രവാസികൾ സാധാരണയിലും മൂന്നും നാലും ഇരട്ടി തുക നൽകിയാണ് ടിക്കറ്റ് എടുത്തുകൊണ്ടിരിക്കുന്നത്. നിരവധി പ്രവാസികൾ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുന്നവർ ലക്ഷക്കണക്കിന് രൂപ മുടക്കേണ്ടി വരുന്ന ഗതികേടാണുള്ളത്. അവധിക്കാലത്ത് യഥാർത്ഥത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള സെക്ടറുകളിൽ യാത്രക്കാരുടെ വലിയ തോതിലുള്ള വർദ്ധനവാണ് ഉണ്ടായിത്തീരുന്നത്. എന്നിട്ടും ഈ രീതിയിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ല.

ഈ വിഷയത്തിൽ എംപിമാരും കേരള സർക്കാരും കത്തയച്ചിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ എന്നും, ഇതിനു പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഒന്നും ചെയ്യാനില്ല എന്നുമുള്ള മറുപടി പ്രവാസികളോടുള്ള മോദി സർക്കാരിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്. വിമാന യാത്രാക്കൂലി ഉയരുന്നതിന് വിമാനക്കമ്പനികൾ പറയുന്ന അതേ കാരണങ്ങൾ പറഞ്ഞ് കമ്പനികളെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. യാത്രാക്കൂലി കമ്പോളത്തിലെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ മാത്രമല്ല ഭാവിയിലും സർക്കാർ ഒന്നും ചെയ്യാണ് ഉദ്ദേശിക്കുന്നില്ലെന്ന് മറുപടിയിൽ പറയുന്നു. മാത്രമല്ല, നേരത്തെ ടിക്കറ്റ് എടുക്കുന്നവർക്ക് നിരക്ക് കുറഞ്ഞു ടിക്കറ്റ് കിട്ടും എന്നതരത്തിൽ പ്രവാസികളെ അപഹസിക്കുന്ന രീതിയിലുള്ള പ്രസ്ഥാവനയാണ് സർക്കാർ നടത്തിയിരിക്കുന്നത്. ഇത് പ്രവാസികളോടുള്ള വഞ്ചനയാണ്.

വിമാന യാത്രാ കൂലിയിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ വർധനവ് പിടിച്ചുനിർത്താൻ കേന്ദ്രസർക്കാറിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രവാസ സമൂഹം ഒന്നടങ്കം എംപിമാരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. കേരള മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉൾപ്പെടെ ഈ പ്രശ്നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. സീസൺ സമയത്ത് പ്രവാസികളുടെ പോക്കറ്റടിച്ച് ലാഭം കൊയ്യുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരായി വൻ ജനരോഷം ഉയർന്നുവരുന്ന ഈ സാഹചര്യത്തിലും വിമാന കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.

രാജ്യത്തെ ജനങ്ങളോടല്ല മറിച്ച് സ്വകാര്യ കുത്തക കമ്പനികളോടാണ് തങ്ങൾക്ക് പ്രതിബദ്ധത എന്ന് മോദി സർക്കാർ വീണ്ടും തെളിയിച്ചിരിക്കുന്നു. ഈ നിഷ്‌ക്രിയ നിലപാട് കേന്ദ്രസർക്കാർ ഉടൻ തിരുത്തണമെന്നും ഉത്സവ സീസണുകളിൽ പ്രവാസികളുടെ പോക്കറ്റടിക്കുന്ന അനിയന്ത്രിതമായ വിമാന യാത്രാനിരക്ക് വർദ്ധനവ് പിടിച്ചുനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും സ. എളമരം കരീം എംപി ആവശ്യപ്പെട്ടു.

20-Jul-2022