മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ

വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിലൂടെ മുഖ്യമന്ത്രി മതനേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കുകയാണ് ചെയ്തതെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചു. തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്.

എതിർപ്പ് ഉയർന്നപ്പോൾ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഉറപ്പ് നൽകിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. സമരം ഇല്ലാതെ തന്നെ അത് സാധിച്ചെടുത്തു. പ്രതിഷേധങ്ങൾക്ക് സമസ്ത ആഹ്വാനം നൽകിയിട്ടില്ല. മതങ്ങളുമായി ബന്ധപ്പെട്ട നിയനിർമാണം നടത്തുമ്പോൾ സമസ്ത അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. അത് കൃത്യമായി ചെയ്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ലീ​ഗ് മാത്രമല്ല, സമരം ചെയ്യുന്നവർ ആരായാലും സമരം ചെയ്തോട്ടേ, ഞങ്ങളിക്കാര്യം ഒരു സമരവും ഇല്ലാതെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സാധിച്ചെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, വഖഫ് ബോർഡ് നിയമനത്തിൽ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് അറിയിച്ചത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് വൈകാരിക പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി പികെ കുഞ്ഞാലിക്കുട്ടിയാണ് സബ്മിഷനായി വിഷയം അവതരിപ്പിച്ചത്.

20-Jul-2022