നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. ബിജെപി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്ദ സാമ്പിളെടുത്തു. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിച്ചാണ് അന്വേഷണ സംഘം സാമ്പിളെടുത്തത്. നേരത്തെ ദിലീപിന്റെ ഫോണില്‍ നിന്ന് ഉല്ലാസ് ബാബുവിന്റെ ശബ്ദസന്ദേശം ലഭിച്ചിരുന്നു. ഫോണില്‍ നിന്ന് നീക്കം ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുത്തപ്പോഴാണ് ഉല്ലാസിന്റെ ശബ്ദരേഖ ലഭിച്ചത്.
ഇത് സ്ഥിരീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ചടുല നീക്കം. 'തേടിയ വള്ളി കാലില്‍ ചുറ്റി ചേട്ടാ' എന്ന് പറഞ്ഞ് തുടങ്ങുന്ന ഓഡിയോ സന്ദേശമാണ് ദിലീപിന്റെ ഫോണില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തത്. വിചാരണക്കോടതി ജഡ്ജിയെ കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. സമാനമായ വിഷയത്തിലുള്ള മറ്റൊരു സന്ദേശത്തില്‍ തൃശ്ശൂരിലുള്ള ഒരു സ്വാമിയെ കുറിച്ച് പറഞ്ഞിരുന്നു.
ഈ സ്വാമിയെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതില്‍ നിന്നാണ് ഉല്ലാസ് ബാബുവിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. ഉല്ലാസിന്റേതായി നിരവധി ഓഡിയോ സന്ദേശങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ശബ്ദ സാമ്പിളെടുക്കണമെന്ന തിരുമാനത്തിലേക്ക് എത്തിയത്.
ഉല്ലാസുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്യണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നതായി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ചാറ്റുകള്‍ നീക്കം ചെയ്യാനായി ലഭിച്ച ചെക്ക് ലിസ്റ്റില്‍ ഉല്ലാസിന്റെ പേരുണ്ടായിരുന്നു. ഉല്ലാസ് ബാബു എന്നല്ല അഡ്വ ഉല്ലാസ് അത്രയെ ഉണ്ടായിരുന്നുള്ളൂ. ചാറ്റ് വാട്സാപ്പിലായിരുന്നില്ല, ബോട്ടിമിലായിരുന്നു. അതുകൊണ്ട് തന്നെ മീഡിയ ഫയല്‍ സേവ് ആയിരുന്നില്ല. പുറത്ത് വന്ന ഓഡിയോ മറ്റേതെങ്കിലും നമ്പറിലേക്ക് ചാറ്റുകളും മീഡിയ ഫയലുകളും ഫോര്‍വേഡ് ചെയ്തതില്‍ നിന്ന് കിട്ടിയതായിരിക്കുമെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു.