മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈറിന് ജാമ്യം; ജയില്‍ മോചിതനാവും

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം. ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലും സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സുബൈറിനെ കസ്റ്റഡിയില്‍ വെക്കുന്നതില്‍ ന്യായീകരണമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സുബൈറിന് ജാമ്യം ലഭിച്ചിരുന്നു. സുബൈറിനെതിരായ എല്ലാ കേസുകളും ദല്‍ഹിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ സുബൈര്‍ ജയില്‍ മോചിതനാവും.തനിക്കെതിരായ കേസുകള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുബൈര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അറസ്റ്റ് ചെയ്യാനുള്ള അധികാരം പൊലീസ് വളരെ മിതമായി ഉപയോഗിക്കണമെന്ന നിര്‍ദേശവും ദല്‍ഹി പൊലീസിന് സുപ്രീം കോടതി നല്‍കി. 2018ല്‍ തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ ട്വീറ്റ് ചെയ്തതിന് ദല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2020ലെ കേസിലാണ് അറസ്റ്റ് ചെയ്തത്.

20-Jul-2022