സ്വര്‍ണക്കടത്തുകേസിൽ പ്രതിപക്ഷം നിലപാട് മാറ്റിയതിന് നന്ദി: മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലും ഇ.ഡി.യുടെ അന്വേഷണത്തിലും മുന്‍നിലപാടുകളില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാറി എന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. പ്രതിപക്ഷ നേതാവിന്റെ പുനര്‍ചിന്തനത്തിന് നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

''പ്രതിപക്ഷനേതാവിന് ഇഡിയെ പറ്റി നേരത്തെ എടുത്ത നിലപാടില്‍ നിന്ന് വ്യക്തമായ ഒരു വേര്‍തിരിവ് ഇപ്പോളുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണ്. ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം തന്നെ ഇഡി അവരുടെ ജൂറിസ്ഡിക്ഷന്‍ ലംഘിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇവിടുത്തെ സംഭവങ്ങള്‍ കൂടി പരാമര്ശിച്ചുകൊണ്ടാണ് അദ്ദേഹമങ്ങനെ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേര്‍ത്ത മറ്റൊരു കാര്യം പ്രധാനമാണ്. ഈ കേസ് ഇഡി ബാംഗ്ലൂരിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് അട്ടിമറി ലക്ഷ്യത്തോടെയാണ്. ഇവിടെയുള്ള കേസ് തന്നെ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. സംസ്ഥാന സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനും ഇഡിയുടെ രാഷ്ട്രീയോദ്ദേശം തെളിയിക്കാനും സാധിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതെല്ലാം അദ്ദേഹം നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്ന് വന്ന വ്യത്യാസമാണ്.''- മുഖ്യമന്ത്രി പറഞ്ഞു.

സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിപ്പിച്ച ഈ ദിവസം നിയമസഭയില്‍ അധികനേരം ഇരിക്കാന്‍ പ്രതിപക്ഷ നേതാവിന് സമയം കിട്ടുമോ എന്ന് സംശമുണ്ട്. ഇ.ഡി. ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് രാജ്ഭവനില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് പോവേണ്ടിവരും. അത്തരമൊരു പരിപാടി നടക്കുന്ന ദിവസം ഈ സബ്മിഷനില്‍ ഇ.ഡി.യെക്കുറിച്ച് കൃത്യതയോടെത്തന്നെ അദ്ദേഹം പറഞ്ഞിരിക്കുകയാണെന്നും മുഖ്യന്ത്രി പറഞ്ഞു.

ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ അവര്‍ ചേര്‍ത്തുപിടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്. അതിനോടൊപ്പംതന്നെ, ഇ.ഡി. അവരുടെ ജൂറിസ്ട്രിക്ഷന്‍ കടന്നുപോവുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സംഭവങ്ങള്‍കൂടി പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹമിത് പറഞ്ഞത്. മാത്രമല്ല, ബാംഗ്ലൂരിലേക്ക് ഈ കേസ് മാറ്റണമെന്ന് പറയുന്നത്, കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിന്ററെ ഭാഗമാണോ എന്നാണ് പ്രതിപക്ഷനേതാവിന്റെ സ്വാഭാവികമായ സംശയം.

സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനാവണമെന്നും ഇ.ഡി.യുടെ രാഷ്ട്രീയ ഉദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലൂടെ തുറന്നു കാണിക്കാനുമാവണം എന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്ന നിലപാടില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായതാണ്. അതുകൊണ്ടാണ് പറഞ്ഞതിന് നന്ദിയുണ്ടെന്ന് ഞാന്‍ ആദ്യംതന്നെ പറഞ്ഞതെന്നും മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു.

21-Jul-2022