രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുര്‍മു. വോട്ടുമൂല്യത്തില്‍ ദ്രൗപദി മുര്‍മു കേവലഭൂരിപക്ഷം കടന്നു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777 ആയി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു. തിരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് തുടങ്ങിയവര്‍ ദ്രൗപദിയെ അഭിനന്ദിച്ചു.
രണ്ടാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ലീഡാണ് മുര്‍മുവിന് ലഭിച്ചത്, 1,349 പേരുടെ പിന്തുണ, മൂല്യം 4,83,299. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 537 പേരുടെ പിന്തുണ, മൂല്യം 1,89,876. ഇതുവരെ എണ്ണിയത് എംപിമാരുടെയും 10 സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെയും വോട്ട്. അദ്യ റൗണ്ടില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 540 പേരുടെയും യശ്വന്ത് സിന്‍ഹയ്ക്ക് 208 പേരുടെയും വോട്ട് ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായി. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിന് കിട്ടിയിരുന്നു. തിങ്കളാഴ്ച്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.