കേന്ദ്രസർക്കാർ ഏജന്‍സികളെ കയറൂരി വിട്ടിരിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
സംസ്ഥാനത്തെ മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരായ ഇഡിയുടെ നടപടി കിഫ്ബിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബജറ്റിന് പുറമെയുള്ള ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടത്താന്‍ പാടില്ലെന്ന ദുഷ്ടലാക്കാണ് നീക്കത്തിന് പിന്നിലെന്നും കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ഏജന്‍സികളെ കയറൂരി വിട്ടിരിക്കുകയാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
‘ഇഡി കേരളത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടപെടുകയാണ്. ഇഡിയെ ഉപയോഗിച്ചാണ് ബിജെപി പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ അട്ടിമറിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാണ് നീക്കം. കേരളസര്‍ക്കാരിനെ ലക്ഷ്യമിട്ട് നേരത്തെ തന്നെ ചില പ്രചരണങ്ങള്‍ നടത്തുകയും, കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് കയറൂരി വിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കിഫ്ബിയുടെ പേര് പറഞ്ഞ് മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരെ ഇഡി നോട്ടീസ് അയച്ചിരിക്കുകയാണ്. കിഫ്ബിയെ തകര്‍ക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ഉദ്ദേശം. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തുടര്‍കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും’, കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇഡിക്കെതിരെ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇ പി ജയരാജന് യാത്രവിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനകമ്പനിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും കോടിയേരി വിമര്‍ശിച്ചു.