ദേശീയ ചലച്ചിത്ര പുരസക്കാരം; ജേതാക്കൾക്ക് അഭിനന്ദനവുമായി മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ദേശീയ ചലച്ചിത്ര പുരസക്കാര ജേതാക്കൾക്ക് അഭിനന്ദനവുമായി മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ . ഇന്ത്യൻ സിനിമയിൽ മലയാളം ഒരിക്കൽക്കൂടി തലയുയർത്തി നിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. അഭിമാനകരമായ നേട്ടമാണ് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമ സ്വന്തമാക്കുന്നത്. അന്തരിച്ച സംവിധായകൻ സച്ചിയുടെ 'അയ്യപ്പനും കോശിയും' പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം നൽകുന്നു. അട്ടപ്പാടിയിൽ നിന്ന് സച്ചി കണ്ടെത്തിയ നഞ്ചിയമ്മ ദേശീയ പുരസ്കാരത്തിലേക്കാണ് നടന്നുകയറിയത്. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ബിജു മേനോനും മികച്ച സംഘട്ടനസംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ച മാഫിയ ശശിയും മലയാളികളുടെ അഭിമാനമായിമാറിയെന്നും മന്ത്രി പറഞ്ഞു.
സൂരരൈപോട്ര് എന്ന ചിത്രത്തിലൂടെ മലയാളിയായ അപർണബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതും ഏറെ സന്തോഷകരമാണ്. കാവ്യാ പ്രകാശ് ഒരുക്കിയ വാങ്ക് പ്രത്യേക പരാമർശം നേടി. മികച്ച മലയാള സിനിമയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചത് 'തിങ്കളാഴ്‌ച നിശ്ചയ'ത്തിനാണ്. മുഴുവൻ ചലച്ചിത്ര പ്രതിഭകളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.