തപാൽ മേഖലയെ സംരക്ഷിക്കേണ്ട ചുമതല കേന്ദ്ര സർക്കാരിനുണ്ട്; എഎ റഹിം
അഡ്മിൻ
രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമായി തുടരുമ്പോൾ നിയമനങ്ങൾ കാത്ത് കിടക്കുന്ന ഒഴിവുകളുടെ കണക്കാണ് ഓരോ ദിവസവും പുറത്തു വരുന്നതെന്ന് എഎ റഹിം എംപി . രാജ്യസഭയിൽ കേന്ദ്ര കമ്യൂണിക്കേഷൻ സഹമന്ത്രി ദേവുസിൻഹ് ചൗഹാൻ രേഖാമൂലം നൽകിയ മറുപടി പ്രകാരം തപാൽ സേവനത്തിൽ ഗ്രാമീൺ ദാക് സേവക് തസ്തികയിൽ മാത്രം 78,798 ഒഴിവുകൾ നിലവിലുണ്ട്.
നിയമനങ്ങൾ നടത്തുന്നതിൽ ഗുരുതരമായ അലംഭാവമാണ് കേന്ദ്രസർക്കാർ പുലർത്തുന്നതെന്ന് കേന്ദ്രമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. 2017ൽ 2316, 2018ൽ 8424, 2019ൽ 12997, 2020ൽ 22254, 2021ൽ 19133 നിയമനങ്ങൾ മാത്രമാണ് നടന്നത്. എല്ലാ ഒഴിവുകളും നികത്താത്തത് ഭാവിയിൽ സ്വകാര്യവൽക്കരണ ലക്ഷ്യത്തിന് വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്താത്തത് വഴി തപാൽ മേഖലയുടെ കാര്യക്ഷമതയെ കേന്ദ്രസർക്കാർ തകർക്കുകയാണ്. മുൻപ് സ്വകര്യവൽക്കരണം നടത്തിയ എല്ലാ മേഖലയിലും ഇതിന് സമാനമായി തസ്തികകൾ നികത്താതിരിക്കുന്നത് പതിവായിരുന്നു. ഒഴിവുള്ള മുഴുവൻ തസ്തകകളിലേക്കും ഉടനടി നിയമനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാർക്ക് ആശ്രയമായ തപാൽ ശൃംഖലയെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കവും വലിയ പ്രത്യാഘാതം സൃഷ്ടിക്കും. തപാൽ മേഖലയെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. നിലവിലുള്ള എല്ലാ ഒഴിവുകളിലേക്കും നിയമന നടപടി അടിയന്തിരമായി ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതായി എഎ റഹിം പറഞ്ഞു.