കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിൽ പങ്കെടുക്കാതെ വിഎം സുധീരനും മുല്ലപ്പള്ളിയും

കെപിസിസി സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ ചിന്തന്‍ ശിബിരം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. എന്നാൽ മുതിർന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ചിന്തന്‍ ശിബിരം ബഹിഷ്‌ക്കരിച്ചു.

കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബഹിഷ്‌ക്കരണത്തിന് കാരണം. നേതാക്കള്‍ വിട്ടുനില്‍ക്കുന്ന സംഭവത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കെ സുധാകരൻ പറയുന്നത്. അതേസമയം, ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പറയുന്നു.

ചിന്തൻ ശിബിരത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് കോൺഗ്രസ് സമ്മേളന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. എഐസിസി ഉദയ്പൂരിൽ സംഘടിപ്പിച്ച മാതൃകയിലാണ് കേരളത്തിലും ചിന്തൻ ശിബിരം നടക്കുക. കോൺഗ്രസിന്റെ ഭാവി പ്രവർത്തനത്തനങ്ങളും ജനങ്ങളുമായി കൂടുതൽ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള മാതൃകകളും ശിബിരത്തിൽ ചർച്ചയാകും.

23-Jul-2022